കൊച്ചി: സർവകലാശാലകളിൽ അദ്ധ്യാപക നിയമനത്തിന് ഓൺലൈൻ വഴി അഭിമുഖം നടത്തുന്നത് കേന്ദ്ര മനുഷ്യവിഭവശേഷി മന്ത്രാലയം വിലക്കി. രാജസ്ഥാൻ കേന്ദ്ര സർവകലാശാല അദ്ധ്യാപക നിയമനത്തിന് കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ അഭിമുഖം നടത്തിയതിനെ തുടർന്നാണ് വിലക്ക്. ഓൺലൈൻ അഭിമുഖം വഴി അദ്ധ്യാപക നിയമനങ്ങൾ നടത്താൻ മന്ത്രാലയം നയപരമായ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ അഭിമുഖം അസാധുവാണ്. നിയമനം റദ്ദാക്കാനും നിർദേശിക്കുന്ന ഉത്തരവിന്റെ പകർപ്പ് സർവകലാശാല വൈസ് ചാൻസലർമാർക്കും നൽകി. കണ്ണൂർ സർവകലാശാലയിൽ ഓൺലൈൻ അഭിമുഖം വഴി നടത്തിയ നിയമനങ്ങളും റദ്ദാക്കേണ്ടി വന്നേക്കും. ആറ് വീതം അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ നിയമനങ്ങളാണ് നടത്തിയത്. സ്കൈപ്പ് വഴിയായിരുന്നു അഭിമുഖം.