കൊച്ചി: കർഷകരുടെ ഉത്പന്നങ്ങൾക്ക് ശരിയായ വിപണനസൗകര്യവും മതിയായ വിലയും ഉറപ്പാക്കുകയാണ് അവരോടുള്ള ഏറ്റവും വലിയ ആദരവെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറഞ്ഞു. കൃഷിവകുപ്പിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം, അങ്കമാലി അതിരൂപതയുടെ ജൈവസമൃദ്ധി പദ്ധതിയുമായി സഹകരിച്ച് പൊന്നുരുന്നി സഹൃദയയിൽ ആരംഭിച്ച കർഷകന്റെ വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. ജില്ലയിലെ 77കർഷക ക്ലസ്റ്ററുകളിൽ നിന്നുള്ളവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ കൊണ്ടുവന്ന് വിപണനം നടത്തുന്നതിനുള്ള സൗകര്യം ഇവിടെ ലഭ്യമാണെന്ന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി. ദിലീപ് പറഞ്ഞു. അതിരൂപതയുടെ ജൈവസമൃദ്ധി പദ്ധതിയുമായി സഹകരിച്ച് വരുംദിവസങ്ങളിൽ നഗരത്തിന്റെ കൂടുതൽ കേന്ദ്രങ്ങളിൽ നാടൻ പച്ചക്കറി വില്പനകേന്ദ്രങ്ങൾ തുറക്കും.
സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ, വൈറ്റില കൃഷി അസിസ്റ്റന്റ് ഡയറക്ടർ സെറിൻ ഫിലിപ്പ്, കൃഷി മാർക്കറ്റിംഗ് അസിസ്റ്റന്റ് ഡയറക്ടർ ദീപ ടി.ഒ., കൃഷി ഓഫീസർ കെ.എ. രാജൻ, റാക്കോ സ്റ്റേറ്റ് ജനറൽ സെക്രട്ടറി കുരുവിള മാത്യുസ്, ജീസ് പി. പോൾ എന്നിവർ സംസാരിച്ചു.