പച്ചക്കറി - മത്സ്യ മാർക്കറ്റ് ഉപാധികളോടെ തുറക്കും
സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തിങ്കാളാഴ്ച്ച മുതൽ ചില്ലറ വ്യാപാരവും തുടങ്ങും
ആലുവ: കൊവിഡ് രോഗ വ്യാപന കേന്ദ്രമെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തിലേറെയായി പൂട്ടികിടന്ന ആലുവ പച്ചക്കറി - മത്സ്യ മാർക്കറ്റ് നാളെ (വ്യാഴം) മുതൽ ഉപാധികളോടെ തുറക്കും. ആദ്യഘട്ടത്തിൽ മൊത്ത വ്യാപാരമാണ് ആരംഭിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തിങ്കാളാഴ്ച്ച മുതൽ ചില്ലറ വ്യാപാരവും തുടങ്ങും.ഇന്നലെ ആലുവ പാലസിൽ അൻവർ സാദത്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന നഗരസഭ, പൊലീസ്, വ്യാപാരികൾ, യൂണിയൻ പ്രതിനിധികളുടെ യോഗമാണ് തീരുമാനമെടുത്തത്. ക്വാറന്റൈയ്‌നിൽ കഴിയുന്ന ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാറുമായി ഓൺലൈൻ ചർച്ച നടത്തിയ ശേഷമാണ് തീരുമാനം.
നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, ജി.സി.ഡി.എ ചെയർമാൻ വി. സലീം, ഡിവൈ.എസ്.പി ജി. വേണു, സി.ഐ എൻ. സുരേഷ് കുമാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ, യൂണിയൻ നേതാക്കളായ പി.എം. സഹീർ (സി.ഐ.ടി.യു), എം.ടി. ജേക്കബ് (ഐ.എൻ.ടി.യു.സി), നഗരസഭ സെക്രട്ടറി ടോബി തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ മധുസുദനൻ പിള്ള എന്നിവർ സംസാരിച്ചു.
നിയന്ത്രണങ്ങളോടെ പ്രവർത്തനം
പച്ചക്കറി മാർക്കറ്റ് രാവിലെ പത്ത് മണി വരെയും മത്സ്യ മാർക്കറ്റ് രാവിലെ ആറെ വരെയും പ്രവർത്തിക്കും. ആറ് മണിക്ക് ശേഷം വാഹനങ്ങളൊന്നും അകത്തേക്ക് പ്രവേശിപ്പിക്കില്ല. പച്ചക്കറികളുമായി വരുന്ന വാഹനങ്ങൾ ആറ് മണിക്ക് മുമ്പ് ചരക്കിറക്കി മാർക്കറ്റിന് പുറത്ത് കടക്കണം. ആറ് മണിക്ക് മുമ്പായി മത്സ്യ മാർക്കറ്റിൽ നിന്നും ചില്ലറ വില്പനക്കായി മത്സ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങളും ആറ് മണിക്ക് മുമ്പ് പുറത്തുകടക്കണം.
നിർദേശങ്ങൾ പാലിക്കണം
മാസ്ക് ധരിക്കാത്ത ആരെയും മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല. കച്ചവട സ്ഥാപനങ്ങളിൽ കടയുടമകളും തൊഴിലാളികളും സാധനം വാങ്ങാനെത്തുന്നവരും സാമൂഹ്യ അകലം പാലിക്കണം. സ്ഥാപനങ്ങളിൽ സാനിറ്ററൈസറും നിർബന്ധമാണ്.
പത്തംഗ ജാഗ്രത സമിതി
കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നറിയാൻ വ്യാപാരി - യൂണിയൻ പ്രതിനിധികളടങ്ങുന്ന പത്തംഗ ജാഗ്രത സമിതി രൂപീകരിച്ചിട്ടുണ്ട്. പൊലീസും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദ്ദേശം ജാഗ്രത സമിതി നടപ്പാക്കണം. ഏതെങ്കിലും തരത്തിൽ വീഴ്ച്ചയുണ്ടായാൽ മാർക്കറ്റ് വീണ്ടും അടച്ചിടുന്ന സാഹചര്യമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് ലോറി ജീവനക്കാർക്ക് മാത്രമായി മത്സ്യമാർക്കറ്റിനോട് ചേർന്ന് ശൗചാലയം ഒരുക്കിയിട്ടുണ്ട്.
മാർക്കറ്റ് പ്രവർത്തനം:
1പച്ചമത്സ്യം കൊണ്ടുവരുന്ന വാഹനങ്ങൾ പുലർച്ചെ നാല് മണിലിന് മുമ്പായി മത്സ്യം ഇറക്കി മാർക്കറ്റിൽ നിന്നും പുറത്തുകടക്കണം
2ചില്ലറ വ്യാപാരത്തിന് മത്സ്യം വാങ്ങാനെത്തുന്നവരുടെ വാഹനങ്ങൾക്ക് നിയന്ത്രണങ്ങളോടെയാണ് പ്രവേശനം. ഒറ്റ, ഇരട്ട അക്ക നമ്പർ പ്രകാരമായിരിക്കും പ്രവേശനം
3തിങ്കൾ, ബുധൻ, വെള്ളി ഒറ്റ അക്ക നമ്പർ വാഹന ഉടമകൾക്കും ചൊവ്വ, വ്യാഴം, ശനി ഇരട്ട അക്ക നമ്പർ വാഹന ഉടമകൾക്കുമായിരിക്കും പ്രവേശനം
4പച്ചക്കറി വാങ്ങാനെത്തുന്ന ചില്ലറ വ്യാപാരികൾ അവരുടെ വാഹനം മാർക്കറ്റിന് പുറത്ത് നിശ്ചിത സ്ഥലത്ത് പാർക്ക് ചെയ്യണം. സാധനങ്ങൾ വാങ്ങിയ ശേഷം വാഹനം എത്തിച്ച് പരമാവധി 15 മിനിറ്റിനകം ഒഴിവാകണം. ഇതിനായി പൊലീസ് ടോക്കൺ നൽകും.
5മാർക്കറ്റിനകത്ത് വാഹനങ്ങൾക്ക് വൺവേ സമ്പ്രദായമായിരിക്കും