കിഴക്കമ്പലം: കൊവിഡ് പ്രതിരോധത്തിനിടയിൽ വെടിവട്ടത്തിനു ഒത്തു കൂടുന്നവർ ജാഗ്രതൈ.മഫ്തിയിൽ പൊലീസെത്തും, പിടി വീഴും. കൈയ്യിലുള്ള പണവും പോകും. ധന നഷ്ടം മാനഹാനി ഫലം.

സൊറ പറയാൻ ഒത്തു കൂടുന്നവരിൽ പലരും മാസ്‌ക് വേണ്ട വിധത്തിൽ ധരിക്കാതെയും,സാമൂഹിക അകലം പാലിക്കാതെയുമാണ് പെരുമാറുന്നത്. കൂട്ടംകൂടിയിരുന്നു പുക വലിക്കുന്നതും,പൊതു നിരത്തിൽ മുറുക്കിത്തുപ്പുന്നതും സമീപവാസികൾക്ക് ഉൾപ്പെടെ ആശങ്ക ഉണ്ടാക്കുന്നുണ്ട്. പലവട്ടം പറഞ്ഞിട്ടും പതിവു തുടരുന്ന ചിലരുടെ ചിത്രം ഫോണിൽ പകർത്തി അതുൾപ്പെടെയുള്ള പരാതികളും പൊലീസിന് ലഭിച്ചിട്ടുണ്ട്.ഇക്കൂട്ടർക്ക് എതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് പൊലീസ് ഇൻസ്‌പെക്ടർ വി.ടി ഷാജൻ പറഞ്ഞു.

നടപടി പരാതികളെ തുടർന്ന്

പൊലീസിന്റെ ശ്രദ്ധ പെട്ടെന്നു പതിയാത്ത സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിൽ ആളു കൂടുന്നതായും പലരും കൊവിഡ് ജാഗ്രത പാലിക്കാതെ പെരുമാറുന്നതായുമുള്ള പരാതികൾ പെരുകിയതോടെയാണ് മഫ്തിയിൽ നിരീക്ഷണവും നടപടിയും കർശനമാക്കാൻ കുന്നത്തുനാട് പൊലീസ് തീരുമാനിച്ചത്.

മാർക്കറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്

പട്ടിമറ്റം, കിഴക്കമ്പലം, മണ്ണൂർ എന്നിവിടങ്ങളിൽ ഡി.ജി.പി യുടെ നിർദ്ദേശ പ്രകാരം മാർക്കറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡും രൂപീകരിച്ചു. ഇവർ കടകളിലും, മാർക്കറ്റുകളിലും നിയമ ലംഘനം നടത്തുന്ന കൃത്യങ്ങൾ കണ്ടെത്തി പൊലീസിനു കൈമാറും. നടപടി പൊലീസെടുക്കും. മേഖലയിലെ മുഴുവൻ റെസിഡന്റ്സ് അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ സി.ഐയേയും,ജനമൈത്രി ബീറ്റ് ഓഫീസറേയും അംഗങ്ങളാക്കി.ഇതു വഴി ഇവർക്കു വേണ്ട നിർദ്ദേശങ്ങളും പൊലീസിന് നേരിട്ട് നൽകാനാകും.