ci
ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ സ്ഥലം മാറിവന്ന എ.എസ്.ഐ വർഗീസിന്റെ മൂവ്‌മെന്റ് ഓർഡറിൽ സി.ഐ ജോസി ഒപ്പുവെക്കുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ക്രമസമാധാന ചുമതല സഹോദരങ്ങൾ. നോർത്ത് പറവൂർ കുഞ്ഞിതൈ തേലക്കാട്ട് വീട്ടിൽ തോമസ്,കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ ടി.കെ. ജോസിനും ടി.കെ.വർഗീസിനുമാണ് അപൂർവ അവസരമൊത്തുവന്നത്.

16 വർഷം മുമ്പ് സർവീസിൽ പ്രവേശിച്ച ജോസി ഉദ്യോഗക്കയറ്റത്തത്തെുടർന്ന് അഞ്ച് മാസം മുമ്പാണ് സ്റ്റേഷൻ ഹൗസ് ഓഫീസറായി ചെങ്ങമനാട് സ്റ്റേഷനിൽ ചാർജെടുത്തത്. ക്രൈം ബ്രാഞ്ചിൽ എസ്.ഐ ആയിരുന്നു. 22 വർഷം മുമ്പാണ് വർഗീസ് സർവീസിൽ പ്രവേശിച്ചത്. വടക്കേക്കര സ്റ്റേഷനിൽ എ.എസ്.ഐയായിരുന്ന വർഗീസ് ഇന്നലെയാണ് സ്ഥലം മാറ്റത്തെ തുടർന്ന് ചെങ്ങമനാട് സ്റ്റേഷനിൽ ചാർജെടുത്തത്. സഹോദര ബന്ധങ്ങളുടെ വകഭേദമില്ലാതെ സി.ഐയുടെ മുറിയിലത്തെിയ വർഗീസ് മേലാധികാരിക്ക് സല്യൂട്ട് നൽകുകയും സ്ഥലംമാറ്റ ഉത്തരവ് സമർപ്പിക്കുകയുമായിരുന്നു. സല്യൂട്ട് സ്വീകരിച്ച ശേഷം സി.ഐ ജോസി ഉത്തരവ് സ്വീകരിച്ച് ഒപ്പ് വെക്കുകയും ചെയ്തു. ജോസിയുടെയും വർഗീസിന്റെയും ഏക സഹോദരി ബീന സഭ നേതൃത്വം നൽകുന്ന സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.