
കൊച്ചി: മലയാള സിനിമയിലെ മികച്ച പുതുമുഖ സംവിധായകനും നവാഗത സിനിമാസംരംഭകർക്കും ഐ.വി. ശശിയുടെ പേരിൽ പുരസ്കാരങ്ങൾ ഏർപ്പെടുത്തും. മലയാളസിനിമാരംഗത്ത് പ്രവർത്തിക്കുന്ന ഫസ്റ്റ് ക്ലാപ്പാണ് പുരസ്കാരം ഒരുക്കുന്നത്. 50,000 രൂപയും കലാസംവിധായകൻ നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. മികച്ച ഷോർട്ട് ഫിലിമിന് 50,000രൂപയും, മികച്ച സംവിധായകന് 25,000, പ്രവാസിചിത്രം 25,000, മികച്ച പ്രവാസിചിത്രത്തിന്റെ സംവിധായകൻ, മികച്ച കാമ്പസ് ചിത്രം, കാമ്പസ് ചിത്രത്തിന്റെ സംവിധായകൻ, മികച്ച തിരക്കഥ, മികച്ച നടീനടന്മാർ എന്നിവർക്ക് 10,000 രൂപവീതവും പാരിതോഷികം നൽകും. ഒക്ടോബറിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലൂടെയാണ് മികച്ച നവാഗതസിനിമാ പ്രവർത്തകരെ കണ്ടെത്തുന്നത്. സംവിധായകരായ ജോമോൻ, എം. പത്മകുമാർ, ഷാജോൺ കുര്യാൽ എന്നിവരാണ് പുരസ്കാര നിർണയത്തിന്റെ മുഖ്യരക്ഷാധികാരികൾ. തിരക്കഥാകൃത്ത് ജോൺപോൾ, സംവിധായകൻ റോഷൻ ആൻഡ്രൂസ്, നിർമാതാവ് വി.ബി.കെ. മേനോൻ എന്നിവരടങ്ങുന്ന ജൂറിയാണ് മികച്ച സംവിധായകനെ കണ്ടെത്തുന്നത്. 30 മിനിറ്റിൽ താഴെ ദൈർഘ്യമുള്ളതും ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടുകൂടിയതുമായ ഏത് ഭാഷാ ചിത്രങ്ങളും ഫിലിം ഫെസ്റ്റിവലിലേക്ക് സമർപ്പിക്കാം. പ്രവാസി, കാമ്പസ് ചിത്രങ്ങൾക്കായി മേളയിൽ പ്രത്യേകവിഭാഗവും ഉണ്ടായിരിക്കും. പങ്കെടുക്കേണ്ടവർ സെപ്തംബർ 28 ന് മുമ്പായി www.firstclapfilm.com എന്ന ഫസ്റ്റ് ക്ലാപ്പിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സംവിധായകൻ ലിജോ ജോസ് പല്ലിശേരി അദ്ധ്യക്ഷനായുള്ള ജൂറിയാണ് ഫെസ്റ്റിവൽ വിജയികളെ കണ്ടെത്തുന്നത്. ഐ.വി. ശശിയുടെ ഓർമ ദിവസമായ ഒക്ടോബർ 24ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.