കോലഞ്ചേരി: നാളികേര വിലയിൽ റെക്കോഡ് കുതിപ്പ്. രണ്ട് മാസത്തെ ഇടവേളിയിൽ 10 രൂപയുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ നാളികേര വില അരിക്കൊപ്പമെത്തി. 45രൂപ ! ലോക്ക് ഡൗണിൽ ചില്ലറ വില്പനയിൽ 35 രൂപയായിരുന്നു നിരക്ക്. ഇതിൽ നിന്നാണ് ഒറ്റയടിക്ക് വില ഉയർന്നത്. അതേസമയം വെളിച്ചെണ്ണയുടെ വിലയും റോക്കറ്റ് പോലെ കുതിക്കുകയാണ്. 180ൽ നിന്നും 210 രൂപയിലെത്തി. ഓണക്കാലത്തിന് പുറമെ ഇറക്കുമതിയും നാളികേര ഉത്പാദനത്തിലെ കുറവുമാണ് വിലകുതിക്കാനുളള കാരണം.2019 ജൂണിൽ തേങ്ങവില കിലോഗ്രാമിന് 22 രൂപയിലേക്ക് കൂപ്പുകുത്തിയിരുന്നു. കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണം നിലച്ചതാണ് അന്ന് വിലയിടിന് കാരണമായത്. തേങ്ങ കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ വിപണിയിലും വില ഇടിഞ്ഞു. എന്നാൽ, ഓണക്കാലത്ത് സംസ്ഥാനത്തെ മാർക്കറ്റുകളിൽ ആവശ്യക്കാർ കൂടിയതോടെ നേരിയതോതിൽ തുടങ്ങിയ മാറ്റമാണിപ്പോൾ പിടി വിട്ടു മുന്നേറുന്നത്.
ആഭ്യന്തരമായി ലഭിച്ചുകൊണ്ടിരുന്ന നാളികേര വരവിൽ കുറവുണ്ടായതായി കച്ചവടക്കാർ പറയുന്നു. നേരത്തെ നാട്ടിൻപുറത്തെ നാളികേര കർഷകർ വില്പനക്കെത്തിക്കുന്ന തേങ്ങയിലൂടെ ആഴ്ചയിൽ നാലുലോഡ് വിപണിയിലെത്തിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ ആഴ്ചയിൽ മൂന്നുലോഡ് മാത്രമാണ് വിപണിയിലെത്തിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നുള്ളനാളികേരവും വിപണിയിലെത്തുന്നത് കുറവാണ്.തമിഴ്നാട് അതിർത്തികളിലെ കൊവിഡ് വ്യാപനം, കണ്ടെയിൻമെന്റ് സോണുകൾ മൂലമുള്ള യാത്ര വിലക്കുകൾ ഇവയെല്ലാം വിപണിയിലേക്കുള്ള തേങ്ങയുടെ വരവ് കുറച്ചു. ജില്ലയിലെ കാലാവസ്ഥ വ്യതിയാനങ്ങളും, രോഗകീട ശല്ല്യവും ഉല്പാദനത്തിൽ കുറവുണ്ടാക്കി. തിരുവോണമെത്തുന്നതോടെ നാളികേരം അരി വിലയെ കടത്തിവെട്ടുമെന്ന് കർഷകർ പറയുന്നു.