കൊച്ചി : ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരായ യൂണിടാക്കിനോട് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിനെ കാണാൻ യു.എ.ഇ കോൺസുലേറ്റിലെ ഉന്നതൻ ആവശ്യപ്പെട്ടെന്നും ഇതു വിശദമായി അന്വേഷിക്കണമെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടേറ്റ് (ഇ.ഡി) കോടതിയിൽ പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യംതേടി സ്വപ്ന നൽകിയ ഹർജിയിലാണ് എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
സ്വപ്‌നയുടെ ജോയിന്റ് അക്കൗണ്ടിൽ നിന്ന് കണ്ടെടുത്ത പണവും സ്വർണവും സ്വർണക്കടത്തിലൂടെ ലഭിച്ചതാണെന്നു വ്യക്തമാക്കിയ ഇ.ഡി കേസ് ഡയറിയും ഹാജരാക്കി. ലൈഫ് മിഷൻ പദ്ധതിയുടെ കരാറിലൂടെ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നതെന്ന് സ്വപ്നയുടെ അഭിഭാഷകൻ വാദിച്ചു. കള്ളപ്പണമല്ലെങ്കിൽ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചതെന്തിനാണെന്ന് കോടതി ചോദിച്ചു. പണം ലോക്കറിൽ സൂക്ഷിക്കുന്നതിന് നിയമപരമായി തടസമില്ലെന്നായിരുന്നു മറുപടി. ജാമ്യാപേക്ഷ വിധി പറയാൻ 21ലേക്ക് മാറ്റി.
സ്വപ്നയുടെ വാദം
ലോക്കറിൽനിന്ന് കണ്ടെടുത്ത പണം കമ്മിഷനായി ലഭിച്ചതാണ്. ആറുശതമാനം കമ്മിഷനാണ് ലഭിച്ചത്. 19 വയസു മുതൽ ഉന്നതപദവിയിൽ ജോലിചെയ്യുന്നുണ്ട്. സമ്പാദ്യം സ്വർണക്കടത്തിലൂടെ നേടിയതല്ല. പണം തന്നവരുടെ വിവരങ്ങളും അന്വേഷണസംഘത്തോടു പറഞ്ഞിട്ടുണ്ട്. കള്ളപ്പണക്കേസിന്റെ പരിധിയിൽ വരുന്ന കുറ്റംചെയ്തിട്ടില്ല. ലോക്കറിലെ ആഭരണങ്ങൾ വിവാഹത്തിന് ലഭിച്ചതാണ്. ഒരുകോടി രൂപ കമ്മിഷനായി നൽകിയിട്ടുണ്ടെന്ന് യൂണിടാക്ക് പ്രതിനിധികൾ മൊഴി നൽകിയിട്ടുമുണ്ട്.
ഇ.ഡിയുടെ വാദം
ലോക്കറിൽ നിന്ന് കണ്ടെടുത്തത് പുതിയ സ്വർണമാണ്. ഇത്രയും സ്വർണം വിവാഹസമ്മാനമായി നൽകാൻ സ്വപ്നയുടെ കുടുംബത്തിന് സാമ്പത്തികസ്ഥിതി ഇല്ല. സ്വപ്ന തന്റെ പക്കൽനിന്ന് പല തവണകളിലായി പണം കടംവാങ്ങിയിട്ടുണ്ടെന്ന് ശിവശങ്കർ മൊഴി നൽകിയിട്ടുണ്ട്. ഇത്രയും പണം കൈവശമുള്ളയാൾ കടം വാങ്ങുന്നതെന്തിനാണ് ? ലൈഫ് മിഷൻ പദ്ധതിയിൽ യു.എ. ഇ കോൺസുലേറ്റ് ജനറലിന് കമ്മിഷൻ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. അന്വേഷണം നടത്തണം. മറ്റൊരു വ്യക്തിയുമായി ചേർന്ന് ലോക്കറെടുക്കാൻ ശിവശങ്കർ നിർദേശിച്ചിരുന്നു.