കോലഞ്ചേരി: ലോഗിൻ കുരുക്കായി പ്ളസ് വൺ പ്രവേശനം. അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ടുമായി പോയവർ അപേക്ഷ നമ്പറിൽ ലോഗിൻ ഐ.ഡി ഉണ്ടാക്കണമെന്നാണ് പുതിയ നിർദ്ദേശം. അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറുകളിലെ പിഴവാണ് പലരേയും വലയ്ക്കുന്നത്. ഇതോടെ കൊവിഡു കാലത്ത് അക്ഷയ സെന്ററുകളിൽ കുത്തിയിരിക്കേണ്ട ഗതികേടിലാണ് പലരും. 20നകം കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ച് അപേക്ഷയിലെ തിരുത്തലുകളും തുടർകാര്യങ്ങളും നിർവഹിച്ച് അന്തിമസമർപ്പണം നടത്തണമെന്നായിരുന്നു ആദ്യനിർദേശം. പകുതിയിലേറെപ്പേരും അപേക്ഷിച്ച് കഴിഞ്ഞശേഷം 14നാണ് പുതിയ നിർദേശം വന്നത്. 17ന് മറ്റൊരു നിർദേശം വന്നു. അപേക്ഷയിൽ തിരുത്തലുകളോ, ഉൾപ്പെടുത്തലുകളോ വേണ്ടവർ മാത്രം 20നകം കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിച്ചാൽ മതിയെന്നാണ്. പക്ഷേ, എല്ലാ അപേക്ഷകരും 24 ലെ ട്രയൽ അലോട്ട്‌മെന്റിന് മുമ്പായി കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.ദിവസേന മാറുന്ന നിർദേശങ്ങൾ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും ആശങ്കയിലാക്കി. നിർദ്ദേശങ്ങൾ അറിയാത്തവർ പ്രവേശന പ്രക്രിയയിൽനിന്നു പുറത്താവും.
അപേക്ഷയോടൊപ്പം നൽകേണ്ട മൊബൈൽനമ്പർ തെറ്റിപ്പോയവർക്ക് പിന്നീട് തിരുത്താൻ കഴിയുന്നില്ല. അന്ന് നൽകിയ നമ്പറിലേക്കാണ് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാനുള്ള ഒറ്റത്തവണ പാസ് വേഡ് (ഒ.ടി.പി) വരുന്നത്. ചില വിദ്യാർഥികൾ ലാൻഡ് ലൈൻ നമ്പറുകളാണ് നൽകിയത്. ആദ്യം നൽകിയ നമ്പർ പിന്നീട് തിരുത്താനാവാത്തതിനാൽ ഒ.ടി.പി. കിട്ടുന്നില്ല. ഇതോടെ കാൻഡിഡേറ്റ് ലോഗിനും സൃഷ്ടിക്കാൻ കഴിയുന്നില്ല. തിരുത്തലുകളും കൂട്ടിച്ചേർക്കലും നടത്താനാവുന്നില്ല. ഫോൺനമ്പർ ശരിയാണെന്നുറപ്പാക്കാൻ അപേക്ഷാസമയത്തുതന്നെ ഒ.ടി.പി. സംവിധാനം ഉപയോഗിച്ചിരുന്നെങ്കിൽ ദിവസങ്ങൾക്കുശേഷമുള്ള ഈ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു.മൊബൈൽ ഫോൺനമ്പർ തെറ്റിപ്പോയവർക്ക് കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാനാവില്ല, ഇത് അലോട്ട്‌മെന്റിന് പരിഗണിക്കില്ല.ഒ.ടി.പി. ലഭിക്കാത്തതിനാൽ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ കഴിയാത്തവർക്ക് ശരിയായ മൊബൈൽനമ്പർ അപേക്ഷയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ വിവരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശമിറക്കിയിട്ടുണ്ട്. അപേക്ഷാനമ്പർ, സ്‌കീം, രജിസ്റ്റർ നമ്പർ, വിജയിച്ച വർഷം, ജനനത്തീയതി, ശരിയായ മൊബൈൽനമ്പർ എന്നിവ വ്യക്തമാക്കിക്കൊണ്ട് അപേക്ഷകനും രക്ഷിതാവും ഒപ്പിട്ട പ്രത്യേക അപേക്ഷയും ഓൺലൈൻ അപേക്ഷയുടെ പകർപ്പും അപേക്ഷകന്റെ ആധാർ പകർപ്പും സ്‌കാൻ ചെയ്ത് ictcelldhse@gmail.com അയക്കണം.ഈ മെയിലിന് ലഭിക്കുന്ന മറുപടിയിലെ നിർദേശങ്ങൾക്ക് അനുസരിച്ചുവേണം തുടർ പ്രവർത്തനങ്ങൾ.