മൂവാറ്റുപുഴ: ക്ഷീരവികസന വകുപ്പ് കൊവിഡ് കാല സമാശ്വാസ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കാലിത്തീറ്റ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മൂവാറ്റുപുഴ കായനാട് ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൽ വച്ച് എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. കൊവിഡ് കാലത്ത് മനുഷ്യർക്ക് എന്ന പോലെ മൃഗങ്ങൾക്കും ആശ്വാസം എത്തിക്കുന്നതിനാണ് മൃഗസംരക്ഷണ വകുപ്പ് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് ക്ഷീര വികസന വകുപ്പ് വഴി നടപ്പിലാക്കുന്നത്. കർഷകർ ക്ഷീരസംഘങ്ങളിൽ ഏപ്രിൽ മാസം നൽകിയ ശരാശരി പാലളവിന്റെ അടിസ്ഥാനത്തിൽ അഞ്ച് ചാക്ക് കാലിത്തീറ്റ വരെ സബ്സിഡിയോടെ ലഭിക്കും. 400രൂപ ധനസഹായത്തോടെ കേരള ഫീഡ്സ്, മിൽമ എന്നിവരുടെ കാലിത്തീറ്റയാണ് വിതരണം ചെയ്യുന്നത്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.പി.ബിന്ദു മോൻ പദ്ധതി വിശദീകരണം നടത്തി. സാനിറ്റൈസർ, മാസ്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ നിർവഹിച്ചു.