ആലുവ: കൊവിഡ് രോഗ പ്രതിരോധത്തിനിടെ മരണമടഞ്ഞ ആരോഗ്യപ്രവർത്തകന്റെ സ്മരണക്കായി ആലുവ ജില്ലാ ആശുപത്രിയിൽ സഹപ്രവർത്തകർ നന്മയുടെ ഓർമ്മമരം നട്ടു. ആശുപത്രിയിലെ മോർച്ചറി അറ്റൻഡറായിരുന്ന കുന്നത്തേരി പാണൻപറമ്പിൽ പി.എൻ. സദാനന്ദനാണ് തിങ്കാളാഴ്ച്ച കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
12 വർഷക്കാലം ആരോഗ്യവകുപ്പിൽ ജോലി ചെയ്ത സദാനന്ദൻ ഇതിൽ 8 വർഷവും ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു. പാർട്ട് ടൈം ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ച സദാനന്ദൻ 2019 ജനുവരി 31ന് ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും നഴ്‌സിംഗ് അസിസ്റ്റന്റായാണ് വിരമിച്ചത്. തുടർന്ന് ആശുപത്രി വികസന സമിതി തീരുമാനപ്രകാരം താത്കാലികാടിസ്ഥാനത്തിൽ മോർച്ചറി അറ്റന്ററായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആഗസ്ത് ഒന്നിനാണ് പ്രവേശിപ്പിച്ചത്. ഉയർന്ന പ്രമേഹവും രക്ത സമ്മർദ്ദവും ന്യൂമോണിയായും ആരോഗ്യനില മോശമാക്കി. തുടർന്നായിരുന്നു മരണം. സംസ്ഥാനത്തെ ആദ്യ ലാർജ് കൊവിഡ് ക്ലസ്റ്ററുകളിൽ ഒന്നായ ആലുവയിലെ ജനങ്ങൾക്ക് ഭയാശങ്കകളില്ലാതെ ജീവനക്കാർ സേവനം ലഭ്യമാക്കിയപ്പോൾ ആറ് ആരോഗ്യ പ്രവർത്തകർ കൊവിഡ് ബാധിതരായി. അതിൽ സദാനന്ദൻ മരണത്തിനും കീഴടങ്ങി. ആലുവ യു.സി.കോളേജിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കുള്ള ആരോഗ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ആലുവ ജില്ലാ ആശുപത്രിയാണ്. കൊവിഡിനെ ഒത്തൊരുമിച്ച് നേരിടുന്നതിനിടെയുണ്ടായ സദാനന്ദന്റെ മരണം സഹപ്രവർത്തകരെ വേദനയിലാക്കി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾമുത്തലിബ് വൃക്ഷത്തൈ നട്ടു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പ്രസന്നകുമാരി, നഗരസഭ ആരോഗ്യം സ്ഥിരം സമിതി അദ്ധ്യക്ഷ ടിമ്മി , നഴ്‌സിംഗ് സൂപ്രണ്ട് ഇ.കെ. ആശാലത, ജൂനിയർ എച്ച്.ഐ എം. ഐ. സിറാജ്,
ഹെഡ് നെഴ്‌സ് എം.കെ. ശാന്ത എന്നിവർ പങ്കെടുത്തു.