കൊച്ചി: കെ.എസ്.ആർ.ടി.സി അന്തർസംസ്ഥാന ബസ് സർവീസ് 25ന് പുനരാരംഭിക്കും. ഓണക്കാലം ലക്ഷ്യമിട്ടാണ് സർവീസ്. എറണാകുളം ഡിപ്പോയിൽ നിന്നും ഒരു ബസാണ് കോർപ്പറേഷൻ സജീകരിച്ചിരിക്കുന്നത്. പ്രതിദിനം ബംഗളൂരുവിലേക്കാണ് ജില്ലയിൽ നിന്നുള്ള സർവീസ്.യാത്രാക്കാരുടെ എണ്ണത്തിന് അനുസൃതമായാവും പിന്നീട് ബസ് സർവീസ് ക്രമീകരിക്കുക. കൊവിഡ് വ്യാപനത്തെ തുടർന്ന് കൂടുതൽ യാത്രാക്കാരെ പ്രതീക്ഷിക്കുന്നില്ലെങ്കിലും അന്യനാട്ടിൽ നിന്ന് വീട്ടിലെത്താൻ ആഗ്രഹിക്കുന്നവർക്ക് സർവീസുകൾ ആശ്വാസമാവും.കഴിഞ്ഞ വർഷങ്ങളിൽ നാലു പ്രതിദിന സർവീസുകൾക്ക് പുറമേ മൂന്നു അധിക സർവീസുകളും എറണാകുളം ഡിപ്പോയിൽ നിന്ന് ബംഗളൂരുവിലേക്ക് മാത്രം സർവീസ് നടത്തിയിരുന്നു. ബസ് വൈകിട്ട് 4.45 ന് എറണാകുളം ഡിപ്പോയിൽ നിന്ന് പുറപ്പെടും. തിരികെ വൈകിട്ട് എഴിന് ബംഗളൂരുവിൽ നിന്ന് തിരിക്കും. സെപ്തംബർ ആറു വരെയാണ് കർണാടകത്തിലേക്ക് സർവീസ് നടത്തുന്നത്. സർവീസുകളിൽ 10 ശതമാനത്തിൽ അധിക നിരക്ക് അടക്കം എൻഡ് ടു എൻഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകൾ നൽകുക. അധിക യാത്രക്കാരില്ലാതെ സർവീസ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരികെ നൽകും. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് 15 മുതൽ ആഭിച്ചിട്ടുണ്ട്. കേരള, കർണാടക, തമിഴ്‌നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സർവീസ്.എല്ലാ വർഷവും ബംഗളൂരുവിൽ ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളുമാണ് പ്രധാനമായും അന്തർസംസ്ഥാന കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഭൂരിഭാഗം പേരും നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.
നിർദേശങ്ങൾ കർശനമായി പാലിക്കും
യാത്രക്കാർക്ക് ബുക്ക് ചെയ്യുന്ന അടിസ്ഥാനത്തിൽ ഏതു സ്റ്റോപ്പിൽ നിന്നും കയറാൻ സൗകര്യമുണ്ടായിരിക്കും. ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്ത് സുരക്ഷിതരെന്ന് ഉറപ്പു വരുത്തുന്നവർക്ക് മാത്രമേ യാത്രയ്ക്ക് അനുവദിക്കൂ.
വി.എം. താജുദ്ദീൻ
ഡി.ടി.ഒ
എറണാകുളം.
യാത്രാനിർദ്ദേശങ്ങൾ:
ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം
യാത്രയിലുട നീളം മാസ്‌ക് ധരിക്കണം
ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യണം