ആലുവ: ജില്ലയിലെ കൊവിഡ് രോഗ വ്യാപന കേന്ദ്രത്തെ തുടർന്ന് പ്രത്യേക ക്ലസ്റ്ററായിരുന്ന കീഴ്മാട് ഗ്രാമപഞ്ചായത്തിന് രോഗമുക്തിയുടെ കാര്യത്തിൽ റെക്കോർഡ് നേട്ടം. 172 പോസറ്റീവ് കേസുകളുണ്ടായിരുന്ന ഇവിടെ അവശേഷിക്കുന്നത് ഏഴാം വാർഡിൽ ചാലക്കൽ സ്വദേശിയായ ഒരാൾ മാത്രം. ഇന്നോ നാളെയോ ഇയാൾകൂടി ആശുപത്രി വിടുന്നതോടെ സമ്പൂർണ രോഗ മുക്ത പഞ്ചായത്താകും.

ആശുപത്രിയിൽ കഴിയുന്നയാളുടെ പിതാവായ 102കാരൻ തിങ്കളാഴ്ച്ച രോഗമുക്തി നേടിയിരുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ മികച്ച പ്രവർത്തനമാണ് രോഗ വ്യാപനം തടയാനും കൊവിഡ് മുക്ത പഞ്ചായത്തായി വേഗത്തിൽ മാറാനും വഴിയൊരുക്കിയത്.

172 പേരിൽ ഏഴ് പേർ ഒഴികെയുള്ളവർക്കെല്ലാം സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ജൂൺ 26ന് കുട്ടമശേരിയിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തയാൾക്കാണ് ആദ്യം സമ്പർക്ക രോഗം സ്ഥിരീകരിച്ചത്. അതിന് മുമ്പ് വിദേശത്ത് നിന്നെത്തി ഹോം ക്വാറന്റൈയ്‌നിലായിരുന്ന നാല് പേർക്കാണ് രോഗമുണ്ടായത്. പിന്നീട് പഞ്ചായത്തിൽ സമ്പർക്ക രോഗികളുടെ എണ്ണം ഭീതിപ്പെടുത്തും വിധം വർദ്ധിച്ചു. ഒരേസമയം 150 ഓളം പേർ വരെയുണ്ടായി. 19 വാർഡുകളിലായി 12,687 കുടുംബങ്ങൾ താമസിക്കുന്ന പഞ്ചായത്തിൽ 63 കുടുംബങ്ങളെയാണ് കൊവിഡ് ബാധിച്ചത്.

ചുണങ്ങംവേലിയിൽ നൂറിലേറെ കന്യാസ്ത്രീകൾ താമസിക്കുന്ന മഠത്തിൽ 35 പേർക്കും ഒരേസമയം രോഗം ബാധിച്ചു. പഞ്ചായത്തിൽ 15 കൊവിഡ് പരിശോധന ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. പഞ്ചായത്ത് ക്വാറന്റൈയ്ൻ സൗകര്യമൊരുക്കിയത് രോഗവ്യാപനം തടയാൻ വഴിയൊരുക്കി. ജില്ലയിലെ പ്രധാന എഫ്.എൽ.സി.ടിയും പ്രവർത്തിക്കുന്നത് കീഴ്മാടാണ്. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ നൂറോളം പേരെ ചികിത്സിക്കാൻ സൗകര്യമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ എന്നിവരുടെ മികച്ച സേവനമാണ് ആരോഗ്യപ്രവർത്തകർക്കും പ്രചോദനമായത്.