കൊച്ചി: ഓണക്കാലത്ത് കർശന നിയന്ത്രണങ്ങളോടെ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ അനുമതി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കണ്ടെയ്ൻമെന്റ് സോണുകളിലും കടകൾ തുറക്കാൻ അനുവദിക്കും.
താലൂക്ക് അടിസ്ഥാനത്തിൽ ചേർന്ന യോഗങ്ങളിലാണ് തീരുമാനം. സർക്കാർ നിർദേശങ്ങളനുസരിച്ച് മാത്രമേ കടകൾ തുറക്കാവൂ.
നിർദേശങ്ങൾ
കടകൾ സന്ദർശിക്കുന്ന ഉപഭോക്താക്കളുടെ പേരും ഫോൺ നമ്പറും രജിസ്റ്റർ ചെയ്ത് സൂക്ഷിക്കണം
തെർമൽ സ്‌കാനർ, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഏർപ്പെടുത്തണം
ഓരോ കടകളിലും പ്രത്യേകം പ്രവേശനത്തിനും പുറത്തേക്ക് പോകുന്നതിനും കവാടങ്ങൾ ക്രമീകരിക്കണം
പ്രായമായതും ഗർഭിണികളും ആയ ജീവനക്കാരെ ഒഴിവാക്കണം
കടകളിലെ വെന്റിലേഷൻ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം
പശ്ചിമകൊച്ചിയിൽ ശ്രദ്ധിക്കും
കൊവിഡ് വ്യാപനം തടയുന്നതിന് കർശനമായ നിലപാടുകൾ വ്യാപാരികൾ സ്വീരിക്കണം. പശ്ചിമകൊച്ചിയിൽ കേസുകളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അലംഭാവം ഉണ്ടാവരുത്.
കോതമംഗലത്ത് നിർദ്ദേശങ്ങൾ നൽകുന്നതിന് ജി.എസ്.ടി ഉദ്യോഗസ്ഥർ, പൊലീസ്, വ്യാപാരി വ്യവസായി പ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടിമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പ്രവർത്തിക്കും.
ബ്രോഡ്‌വേയിൽ ഇളവ് വേണമെന്ന്
ബ്രോഡ് വേയിലെ നിയന്ത്രണങ്ങൾ കുറയ്ക്കണമെന്നും എം.ജി റോഡിൽ പാർക്കിംഗ് ഒരു വശത്ത് മാത്രം ആക്കണമെന്നും മർച്ചന്റ്‌സ് അസോസിയേഷനുകൾ ആവശ്യപ്പെട്ടു. മത്സ്യ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജനത്തിരക്ക് ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുകയും പരിശോധന നടത്താൻ പ്രത്യേക ഉദ്യോഗസ്ഥ സംഘങ്ങൾ ഉണ്ടാവുകയും ചെയ്യും.