swapna-

കൊച്ചി : സ്വപ്നയും കൂട്ടരും ചെയ്തത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമുള്ള കുറ്റമാണെന്നും ഏഴുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. വളരെ ഗൗരവമേറിയ കുറ്റമാണിത്. സ്വർണക്കടത്തിലൂടെ നേടിയ സമ്പാദ്യം ശിവശങ്കറിന്റെ നിർദേശപ്രകാരം മൂന്നാമതൊരാളുമായി ചേർന്നെടുത്ത ലോക്കറിൽ സ്വപ്ന സൂക്ഷിച്ചിരുന്നു. ലോക്കറിലെ സ്വർണത്തെക്കുറിച്ചും പണത്തെക്കുറിച്ചും സ്വപ്ന നൽകുന്ന വിശദീകരണത്തിൽ പൊരുത്തക്കേടുണ്ട്. ലോക്കറിന്റെ ഉപയോഗം, പിടിച്ചെടുത്ത സമ്പത്തിന്റെ വിനിമയം എന്നിവയുടെ കണക്കുകളും സമയവും തമ്മിൽ പൊരുത്തപ്പെടുന്നില്ല. ശിവശങ്കറുമായുള്ള അടുപ്പം സ്വപ്ന സമ്മതിച്ചിരുന്നു. ഇതിനെത്തുടർന്ന് ശിവശങ്കറിനെ ചോദ്യംചെയ്തു. മുഖ്യമന്ത്രിയുടെ ഒാഫീസിൽ തനിക്ക് സ്വാധീനമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ ജാമ്യം നൽകുന്നത് തെളിവുനശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയാക്കും. കള്ളപ്പണം വെളുപ്പിക്കാൻ അറിഞ്ഞുകൊണ്ട് പ്രതിയെ സഹായിച്ചവരെ വീണ്ടും വിശദമായി ചോദ്യംചെയ്യണം. - സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്ത് ഇ.ഡി നൽകിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞതവണ നൽകിയ റിപ്പോർട്ടിൽ ശിവശങ്കറിനെതിരെ ചൂണ്ടിക്കാട്ടിയ വിവരങ്ങൾ ഇൗ റിപ്പോർട്ടിലും ആവർത്തിച്ചിട്ടുണ്ട്.