nh-kallidal-
ദേശീയപാത 66 ന് മൂത്തകുന്നത്തു നിന്നും കല്ലിടൽ ആരംഭിച്ചപ്പോൾ.

പറവൂർ : ദേശീയപാത 66 നിർമ്മിക്കുന്നതിന് 45 മീറ്ററിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കല്ലിടൽ ആരംഭിച്ചു. മൂത്തകുന്നത്തു നിന്ന് രണ്ട് കിലോമീറ്ററോളം ഭാഗത്ത് കല്ലിട്ടു. ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ബംഗളൂരു ഫീഡ് ബാക്ക് ഇൻഫ്ര കമ്പനി പ്രതിനിധികളും പങ്കെടുത്തു. രണ്ട് വീട്ടുകാർ പ്രതിഷേധവുമായി എത്തിയെങ്കിലും ഉദ്യോഗസ്ഥർ അനുനയിപ്പിച്ചു. തഹസിൽദാർമാർ, സർവേയർമാർ, ദേശീയപാത, പൊലീസ് ഉദ്യോഗസ്ഥർ മറ്റു തൊഴിലാളികൾ അടക്കം 70 പേർ ഉണ്ടായിരുന്നു.

മൂത്തകുന്നത്തുനിന്ന് ഇടപ്പള്ളി വരെ 23.82 കിലോമീറ്ററിൽ 38.2519 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പറവൂർ, കണയന്നൂർ താലൂക്കുകളിൽപ്പെടുന്ന പ്രദേശങ്ങളാണിത്. ദേശീയപാതയ്ക്കായി മുമ്പ് ഏറ്റെടുത്ത 30 മീറ്റർ സ്ഥലത്തിന്റെ ഇരുവശങ്ങളിലുമായി ഏഴരമീറ്റർവീതം വീതിയിലാണ് കൂടുതലായി ഏറ്റെടുക്കുന്നത്. ഈ മാസാവസാനത്തോടെ കല്ലിടൽ പൂർത്തിയാക്കണമെന്നാണ് ജില്ലാ കളക്ടറുടെ നിർദേശം.

ദേശീയപാത വികസനത്തിനായുള്ള കാത്തിരിപ്പിന് നാല് പതിറ്റാണ്ടാകുന്നു. ദേശീയപാത 17യാണ് ഇപ്പോൾ ദേശീയപാത 66 മാറ്റിയത്. ആദ്യം 30 മീറ്ററിൽ റോഡ് നിർമിക്കാനായിരുന്നു തീരുമാനം. ഇതിന് വർഷങ്ങൾക്ക് മുമ്പ് സ്ഥലം ഏറ്റെടുത്തു. 45 മീറ്ററിൽ സ്ഥലം ഏറ്റെടുത്താലേ റോഡ് നിർമിക്കാനാകൂ എന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് 15 മീറ്റർ കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചത്. സ്ഥലം ഏറ്റെടുക്കാനായി 2018 മേയ് 23നു നന്ത്യാട്ടുകുന്നം അത്താണിയിൽ ലാൻഡ് അക്വസിഷൻ സ്പെഷൽ ഡപ്യൂട്ടി കളക്ടറുടെ പ്രത്യേക ഓഫിസ് തുറന്നു. ആ വർഷം നവംബറിൽ ആദ്യ ത്രി.എ വിജ്ഞാപനമിറക്കിയെങ്കിലും ഒരു വർഷത്തിനുള്ളിൽ ത്രി.ഡി വിജ്ഞാപനം ഇറക്കണമെന്ന നിബന്ധന പാലിക്കാൻ സാധിക്കാത്തതിനാൽ 2019 നവംബറിൽ റദ്ദായി. അലൈൻമെന്റിൽ പാകപ്പിഴകൾ സംഭവിച്ചതും സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതുമൊക്കെ തുടർനടപടികൾ വൈകാൻ കാരണമായി. കവലകളുടെ വീതി കുറച്ചതുൾപ്പെടെ പഴയ സ്കെച്ചിലും അലൈൻമെന്റിലും മാറ്റങ്ങൾ വരുത്തി കഴിഞ്ഞ ഫെബ്രുവരിയിൽ വീണ്ടും ത്രി.എ വിജ്ഞാപനം ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കല്ലിടൽ ആരംഭിച്ചത്. 2021 ഫെബ്രുവരി മാസത്തിനുള്ളിൽ ത്രി.ഡി വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. കല്ലിട്ടു സർവേ നടപടികൾ പൂർത്തിയാക്കി ത്രി.ഡി വിജ്ഞാപനം ഇറക്കിയശേഷമാണ് സ്ഥലം ദേശീയപാത അതോറിറ്റിക്ക് കൈമാറുക.