കൊച്ചി : പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത അരീക്കാവ് സ്വദേശി മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ ഒന്നാം പ്രതിയായ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ മുൻ ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ ആർ. രാജേഷ്കുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മത്തായിയുടെ മരണത്തിൽ തനിക്കു പങ്കില്ലെന്നും അനാവശ്യമായാണ് പ്രതി ചേർത്തതെന്നും ഹർജിയിൽ പറയുന്നു.
വനംവകുപ്പ് സ്ഥാപിച്ച സി.സി ടിവി കാമറകൾ നശിപ്പിച്ച സംഭവത്തിൽ ജൂലായ് 28 നാണ് മത്തായിയെ ചോദ്യംചെയ്യാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ വൈകുന്നേരം ആറുമണിയോടെ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് ഹർജിക്കാരനടക്കം ആരോപണ വിധേയരായ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. ഹർജിക്കാരനെ ഗൂഡ്രിക്കൽ റേഞ്ചിലെ പച്ചക്കാനം സ്റ്റേഷനിലേക്കാണ് മാറ്റിയത്.