കൊച്ചി: ഒരു നാടിന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുത്തിൽ പുതിയജീവിതം സ്വപ്‌നം കാണുകയാണ് മുപ്പത്തി മൂന്നുകാരനായ കടവന്ത്ര സ്വദേശി റിൻസൻ. വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന റിൻസനുവേണ്ടി ഒരു നാടുമുഴുവൻ കൈകോർത്തപ്പോൾ മൂന്നുമണിക്കൂർ കൊണ്ട് പിരിഞ്ഞുകിട്ടിയത് 27.5 ലക്ഷം രൂപയാണ്.
കടവന്ത്ര സെന്റ് ജോസഫ് പള്ളി വികാരി ഫാ. ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള സംഘമാണ് റിൻസന്റെ ശസ്ത്രക്രിയയ്ക്കായി പണം സ്വരൂപിക്കാൻ ഇറങ്ങിയത്. കടവന്ത്രയിലുള്ള രാഷ്ട്രീയപ്രവർത്തകരെയും സാമൂഹ്യ പ്രവർത്തകരെയും റെസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങളെയും ചേർത്ത് ജനകീയസമിതി രൂപീകരിച്ചായിരുന്നു പ്രവർത്തനം.
റിൻസന്റെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ സ്വരൂപിക്കണമെന്ന ലക്ഷ്യത്തോടെയാണ് നാട്ടുകാരെ സമീപിച്ചത്. അധികം തുകയുണ്ടായാൽ ആ പ്രദേശത്തെ അർഹതപ്പെട്ട ഏതൊരാളുടെയും ചികിത്‌സയ്ക്കായി ഉപയോഗിക്കുമെന്ന തീരുമാനത്തോടെ പദ്ധതി രൂപീകരിച്ചു. സമിതിയുടെ കീഴിൽ വിവിധ ഇടങ്ങളിലായി 17 ലോക്കൽ കമ്മിറ്റികൾ പ്രവർത്തനം തുടങ്ങി. റിൻസന്റെ പിതാവ് കെ.എ. ചാക്കോയുടെയും കൗൺസിലറുടെയും ജനകീയ കമ്മിറ്റി ചെയർമാൻ ഫാ. ബെന്നി മാരാംപറമ്പിലിന്റെയും പേരിൽ ജോയിന്റ് അക്കൗണ്ട് രൂപീകരിച്ചു. 16ന് രാവിലെ 9 മുതൽ 12 മണി വരെ മാത്രം വീടുകൾ സന്ദർശിച്ച് സംഭാവനകൾ വാങ്ങി. സംഭാവനയ്ക്ക് പുറമേ ബാങ്ക് അക്കൗണ്ടിലേക്കും തുകയെത്തിയതോടെ 27.5. ലക്ഷം രൂപ ലഭിക്കുകയായിരുന്നു.
കടവന്ത്ര സ്വദേശിയായ കെ.എ. ചാക്കോ- ട്രീസ ദമ്പതികളുടെ മകനായ കെ.സി. ആന്റണിയെന്ന റിൻസൺ കഴിഞ്ഞ കുറേ നാളുകളായി വൃക്ക സംബന്ധമായ രോഗം ബാധിച്ച് ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്തു വരുന്നുണ്ടെങ്കിലും രോഗം ഭേദമാകാൻ മറ്റു മാർഗങ്ങളില്ലാതായതോടെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. വൃക്ക ദാനംചെയ്യാനായി റിൻസന്റെ സഹോദരി റിൻസി മുന്നോട്ടു വന്നെങ്കിലും പണത്തിന്റെ അഭാവം പ്രതിസന്ധി സൃഷ്ടിച്ചു. പണം ലഭിച്ചതോടെ ലിസി ആശുപത്രിയിൽ ഡോ. ബാബു ഫ്രാൻസിസിന്റെ നേതൃത്വത്തിൽ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.