കൊച്ചി : കോതമംഗലം മർത്തോമൻ ചെറിയ പള്ളിയും പരിസരവും കണ്ടെയിൻമെന്റ് സോണായതിനാൽ പള്ളി ഏറ്റെടുത്തു കൈമാറണമെന്ന വിധി നടപ്പാക്കാൻ സമയം വേണമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. പള്ളി ഏറ്റെടുക്കാൻ കേന്ദ്രസേനയുടെ സഹായം തേടുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരും സമയം തേടി. തുടർന്ന് ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
കണ്ടെയിൻമെന്റ് സോൺ സംബന്ധിച്ച വിവരങ്ങളും നൽകണം. പള്ളി ഏറ്റെടുത്ത് ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവു പാലിച്ചില്ലെന്ന കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പള്ളി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പള്ളിയും പരിസരവും കണ്ടെയിൻമെന്റ് സോണായതിനാൽ ആൾക്കൂട്ടം അനുവദിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
മുളന്തുരുത്തി പള്ളി : പുന:പരിശോധനാ ഹർജി
മുളന്തുരുത്തി മർത്തോമൻ പള്ളി പൂട്ടി താക്കോൽ കൈവശം വെക്കാൻ ജില്ലാ കളക്ടറോടു നിർദേശിച്ച ഡിവിഷൻബെഞ്ചിന്റെ ഉത്തരവു പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയായ സന്തോഷ് മത്തായി ഉൾപ്പെടെ അഞ്ചുപേർ ഹൈക്കോടതിയിൽ പുനപ്പരിശോധനാ ഹർജി നൽകി. ചീഫ് സെക്രട്ടറി, ഡി.ജി.പി, ജില്ലാ കളക്ടർ തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്. പള്ളി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹർജി ഹൈക്കോടതി ആഗസ്റ്റ് 21 ലേക്ക് മാറ്റി.