കൊച്ചി: മറൈൻഡ്രൈവിൽ അർദ്ധരാത്രിയിൽ കട്ടിംഗ് ബ്ലേഡ് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കേസിൽ കണ്ണമാലി കല്ലുവീട്ടിൽ അലി എന്ന അലനെ (29) സെൻട്രൽ പൊലീസ് അറസ്‌റ്റുചെയ്‌തു. കഴിഞ്ഞ ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. മദ്യം വാങ്ങുന്നതിന് പണം നൽകാതിരുന്നതോടെയാണ് ഫോർട്ടുകൊച്ചി സ്വദേശിയെ ആക്രമിച്ചത്. ഇയാളുടെ നെഞ്ചിൽ ഗുരുതരമായ മുറിവേറ്റിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ, എസ്.ഐമാരായ വിപിൻ കുമാർ, തോമസ് പള്ളൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, റെജി, അനീഷ്, രഞ്ജിത്ത്, ഇഗ്‌നേഷ്യസ്, ഇസഹാക് തുടങ്ങിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്‌റ്റുചെയ്‌തത്.