covid-19

കൊച്ചി : നൂറ്റിമൂന്നാം വയസിൽ കൊവിഡിനെ തോല്പിച്ച് നിറചിരിയോടെ പരീത് വീട്ടിലേക്ക് മടങ്ങി. ആരോഗ്യകേരളത്തിന് അഭിമാനമായ നേട്ടം സമ്മാനിച്ചത് എറണാകുളം മെഡിക്കൽ കോളേജാണ്. ജീവനക്കാർ അണിയിച്ച പൊന്നാടയും പൂച്ചെണ്ടും ഏറ്റുവാങ്ങി അദ്ദേഹം വീട്ടിലെത്തി. ആലുവ മാറമ്പള്ളി പുറക്കോട്ട് വീട്ടിൽ പരീത് രോഗം സ്ഥിരീകരിച്ച് 20 ദിവസം കൊണ്ടാണ് രോഗമുക്തി നേടിയത്.

ജൂലായ് 28 ന് കടുത്തപനിയും ശരീരവേദനയുമായാണ് അദ്ദേഹം ആശുപത്രിയിൽ പരിശോധനക്ക് എത്തിയത്. രോഗബാധ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രായക്കൂടുതൽ പരിഗണിച്ച് പ്രത്യേക മെഡിക്കൽ സംഘമാണ് ചികിത്സ നൽകിയത്.

എറണാകുളം മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തനായി ആശുപത്രി വിട്ട ഏറ്റവും പ്രായം കൂടിയ രോഗിയാണ് പരീത്. അദ്ദേഹത്തിന്റെ മകനും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഭാര്യ ആമിനയും അഡ്മിറ്റായെങ്കിലും നെഗറ്റീവ് ആയിരുന്നതിനാൽ ഡിസ്ചാർജ് ചെയ്തിരുന്നു.