കൊച്ചി: പൊതുമേഖല സ്ഥാപനമായ കേരള ബുക്‌സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റിയുടെ അച്ചടി വിഭാഗം സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി യൂണിയനുകൾ. അച്ചടി വിഭാഗത്തിലെ ആറ് ഓഫ്‌സെറ്റ് മെഷീനുകളിൽ നാലെണ്ണം പ്രവർത്തിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് കമ്പനി നോട്ടീസ് ഇറക്കിയത് സ്വകാര്യ വത്കരണത്തിന്റെ ഭാഗമായാണെന്നാണ് ആരോപണം ഉയരുന്നത്. പുറം കരാർ നൽകുന്നതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് കെ.ബി.പി.എസ്. സ്റ്റാഫ് വർക്കേഴ്‌സ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പണിമുടക്കിയിരുന്നു.


പാഠപുസ്തക അച്ചടിക്ക് വേണ്ടി മാറ്റിവെച്ച നാല് മെഷീനുകൾക്ക് വേണ്ടിയാണ് ടെൻഡർ നോട്ടീസ് ഇറക്കിയത്. ആഗസ്റ്റ് 12ന് പുറത്തിറക്കിയ നോട്ടീസിൽ ഓറിയന്റൽ എക്‌സൽ 1,2, മനുഗ്രാഫ് സിറ്റി ലൈവ് 1,2 മെഷീനുകളുടെ പ്രവർത്തനമാണ് പുറമെ നൽകാനുദ്ദേശിക്കുന്നത്. അതേസമയം ലോട്ടറി അച്ചടിക്കാനായി ഉപയോഗിക്കുന്ന രണ്ട് മെഷീനുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കരാറെടുക്കുന്നവർ മൂന്ന് ഷിഫ്റ്റുകളിലായി 16, 24,32 പേജുകൾ അച്ചടിക്കുന്നതിനുള്ള മെഷീനുകളിൽ നിന്ന് ഒരു ദിവസം 1.20 ലക്ഷം കോപ്പികൾ വീതം അച്ചടിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇത്തരത്തിൽ മാസം ഒരു കോടി കോപ്പികൾ ആണ് കമ്പനി ലക്ഷ്യമിടുന്നത്.


70ഓളം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. എന്നാൽ കരാറുകാർ തന്നെ ജീവനക്കാരെ എത്തിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഇതോടെ അച്ചടി വിഭാഗത്തിലെ ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലായ അവസ്ഥയാണുള്ളത്. ആവശ്യത്തിന് ജീവനക്കാർ നിലവിലുള്ളപ്പോഴാണ് കെ.ബി.പി.എസിന്റെ തീരുമാനമെന്നത് വിവാദമായി. എന്നാൽ തീരുമാനം സ്വകാര്യ വത്കരണത്തിന്റെ ഭാഗമല്ലെന്നും കൊവിഡ് പശ്ചാത്തലത്തിൽ പാഠപുസ്തക അച്ചടി സമയബന്ധിതമായി പൂർത്തിയാക്കാനാണെന്നും കെ.ബി.പി.എസ്. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സൂര്യ തങ്കപ്പൻ പറഞ്ഞു.