കൊച്ചി : നൂറ്റിമൂന്നാം വയസിൽ കൊവിഡിനെ തോല്പിച്ച് നിറചിരിയോടെ കൈയുംവീശി പരീത് വീട്ടിലേക്ക് മടങ്ങി. ആരോഗ്യകേരളത്തിന് വീണ്ടും അഭിമാനമായ നേട്ടം സമ്മാനിച്ചത് എറണാകുളം മെഡിക്കൽ കോളേജ്. ജീവനക്കാർ അണിയിച്ച പൊന്നാടയും പൂച്ചെണ്ടും ഏറ്റുവാങ്ങി അദ്ദേഹം വീട്ടിലെത്തി.

ആലുവ മാറമ്പള്ളി പുറക്കോട്ട് വീട്ടിൽ പരീതാണ് കൊവിഡ് മുക്തനായി ആശുപത്രി വിട്ടത്. രോഗം സ്ഥിരീകരിച്ച് 20 ദിവസം കൊണ്ടാണ് പരീത് രോഗമുക്തി നേടിയത്. ജൂലായ് 28 ന് കടുത്തപനിയും ശരീരവേദനയുമായാണ് അദ്ദേഹം ആശുപത്രിയിൽ പരിശോധനക്ക് എത്തിയത്. രോഗബാധ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രായക്കൂടുതൽ പരിഗണിച്ച് പ്രത്യേക മെഡിക്കൽ സംഘമാണ് അദ്ദേഹത്തിന് ചികിത്സ നൽകിയത്.

പ്രിൻസിപ്പൽ ഡോ. വി. സതീഷ്, വൈസ് പ്രിൻസിപ്പലും കൊവിഡ് നോഡൽ ഓഫീസറുമായ ഡോ. ഫത്താഹുദീൻ, സൂപ്രണ്ട് ഡോ. പീറ്റർ പി. വാഴയിൽ, ഡെപ്യൂട്ടി സൂപ്രണ്ട് ഗീത നായർ, ആർ.എം.ഒ ഡോ. ഗണേഷ് മോഹൻ, പ്രൊഫസർമാരായ ഡോ. ജേക്കബ്, ഡോ. റെനിമോൾ, ഡോ. ജോ ജോസഫ്, ഡോ. അഭിലാഷ്, ഡോ. ലാൻസി, ഡോ. രാജു ജോർജ് എന്നിവരുൾപ്പെട്ട സംഘം ദിവസവും ആരോഗ്യസ്ഥിതി വിലയിരുത്തി. നഴ്‌സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ, കെ.ഡി. മേരി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിചരണം നൽകി.

എറണാകുളം മെഡിക്കൽ കോളേജിൽ നിന്ന് രോഗമുക്തനായി ആശുപത്രി വിട്ട ഏറ്റവും പ്രായം കൂടിയ രോഗിയാണ് പരീത്. അദ്ദേഹത്തിന്റെ മകനും രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു. ഭാര്യ ആമിനയും അഡ്മിറ്റായെങ്കിലും നെഗറ്റീവ് ആയിരുന്നതിനാൽ ഡിസ്ചാർജ് ചെയ്തിരുന്നു.


അഭിമാനനേട്ടം

പ്രായമായ രോഗികളെ ചികിത്സിച്ച് ഭേദമാക്കുന്നത് അഭിമാനകരമാണ്. പ്രായമായവരിൽ വളരെയധികം ഗുരുതരമാവാൻ സാദ്ധ്യത കൂടുതലുള്ള കോവിഡിൽ നിന്നും പരീതിന്റെ രോഗമുക്തി ആരോഗ്യ പ്രവർത്തകരുടെ ഇച്ഛാശക്തിയുടെയും ചികിത്സാ മികവിന്റെയും അർപ്പണ ബോധത്തിന്റെയും നേട്ടമാണ്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ എല്ലാവരെയും അഭിനന്ദിക്കുന്നു.


കെ.കെ. ശൈലജ

ആരോഗ്യവകുപ്പ് മന്ത്രി