justice-selvam
ജസ്റ്റിസ് എ. ശെൽവം

പച്ച ടീഷർട്ടും ട്രൗസറുമണിഞ്ഞ് തലയിലൊരു തോർത്തും കെട്ടി പാടവരമ്പത്തു കൂടി നടന്നു വരുന്ന മെലിഞ്ഞൊരു മനുഷ്യൻ. രാവിലെ തന്നെ അയാൾ പാടത്തെ ചെളിയിലേക്കിറങ്ങി പണി തുടങ്ങുന്നു.

തമിഴ്നാട്ടിലെ പതിവു കാഴ്ചകളിലൊന്നാണിതെന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ, നാം കണ്ട ഇൗ മനുഷ്യൻ നിസാരക്കാരനല്ല, മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്‌ജിയാണ്. ജസ്റ്റിസ് എ. ശെൽവം.

പുലൻകുറിച്ചിയിലെ

കൃഷിക്കാരൻ

ശിവഗംഗ ജില്ലയിലെ തിരുപ്പട്ടൂർ താലൂക്കിലെ പുലൻകുറിച്ചിയിലെ പരമ്പരാഗത കൃഷി കുടുംബമാണ് അദ്ദേഹത്തിന്റേത്. സാധാരണഗതിയിൽ ഒരു ഹൈക്കോടതി ജഡ്‌ജി വിരമിക്കുമ്പോൾ അന്വേഷണ കമ്മിഷൻ, ട്രിബ്യൂണലുകളിലെ ജുഡീഷ്യൽ അംഗം തുടങ്ങിയവയാണ് പരിഗണനാ ലിസ്റ്റിലുണ്ടാവുക. സ്വസ്ഥമായി വിശ്രമജീവിതം നയിക്കുന്നവരുണ്ടെന്നതു മറക്കുന്നില്ല. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി കൃഷിപ്പണിയാണ് ജസ്റ്റിസ് ശെൽവം തിരഞ്ഞെടുത്തത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റമെന്നു ചോദിച്ചാൽ ഇതു വലിയൊരു മാറ്റമൊന്നുമല്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. "വർഷങ്ങളായുള്ള ആഗ്രഹമാണ് കൃഷി. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ പാരമ്പര്യമായി കൃഷിക്കാരാണ് ഞങ്ങൾ. ആ നിലയ്ക്ക് കൃഷിയാണ് എന്റെ യഥാർത്ഥ തൊഴിൽ." - ജസ്റ്റിസ് ശെൽവം പറയുന്നു. നൂറു വർഷത്തിലേറെയായി എ. ശെൽവത്തിന്റെ കുടുംബക്കാർ കൃഷിക്കാരാണ്. ഇപ്പോൾ കൈവശമുള്ള അഞ്ചേക്കർ പാടത്ത് പൊന്നു വിളയിക്കാനുള്ള കഠിന പ്രയത്നത്തിലാണ് അദ്ദേഹം. "സംഗതി വാദം കേട്ടു വിധിയെഴുതുന്ന പോലെ അത്ര നിസാരമല്ല. എന്റെ ഭാഗ്യത്തിനോ ദൗർഭാഗ്യത്തിനോ പഠിച്ചു വക്കീലാവാൻ ഒരവസരം ലഭിച്ചു. അങ്ങനെ ആ തൊഴിൽ സ്വീകരിച്ചു. പിന്നീട് ജുഡിഷ്യൽ സർവീസിൽ എത്തി. അവിടെ നിന്നാണ് ഹൈക്കോടതിയിലെത്തിയത്. അക്കാലം കഴിഞ്ഞതോടെ ഞാൻ പഴയ എന്നിലേക്ക് മടങ്ങിയെന്നു മാത്രം." - തന്റെ പരിണാമത്തെക്കുറിച്ച് അദ്ദേഹത്തിനു പറയാനുള്ളതും ഇത്രമാത്രം. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് പണി. ട്രാക്ടർ ഒാടിക്കാനും അറിയാം. നിലമുഴാൻ പോലും വേറൊരു സഹായി വേണ്ട. നെല്ലാണ് പ്രധാന വിള. കൊയ്‌ത്ത് കഴിഞ്ഞാൽ പച്ചക്കറികളും നിലക്കടലയും കൃഷി ചെയ്യും.

നീതിമാനായ

ന്യായാധിപൻ

മദ്രാസ് ഹൈക്കോടതിയുടെ ചെന്നൈ ബെഞ്ചിലും അതിനു മുമ്പ് മധുരബെഞ്ചിലും ജഡ്ജിയായിരുന്ന എ. ശെൽവം 12 വർഷത്തെ ന്യായാധിപ ജീവിതത്തോട് നൂറുശതമാനവും നീതി പുലർത്തിയ വ്യക്തിയാണ്. 2018 ഏപ്രിൽ അഞ്ചിന് വിരമിക്കുമ്പോൾ പോലും മാതൃകാപരമായാണ് നീതിപീഠത്തോടു വിടപറഞ്ഞത്. വൈകുന്നേരം വരെ കോടതിയിൽ ജസ്റ്റിസ് പി. കലൈയരശനൊപ്പം സിറ്റിംഗ്. ഭൂമിയിൽ നിന്നു ജലമൂറ്റുന്ന

ഒരിനം പാഴ് മുൾച്ചെടി (സീമൈ കരുവേലി) വെട്ടി മാറ്റാനുള്ള വിധിയായിരുന്നു അവസാനത്തേത്. നേരെ ചേംബറിലേക്ക് മടങ്ങിയെത്തുമ്പോൾ ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിര ബാനർജി പ്രോട്ടോക്കോൾ ലംഘിച്ച് ശെൽവത്തെ യാത്രയാക്കാൻ അദ്ദേഹത്തിന്റെ ചേംബറിലെത്തിയിരുന്നു. വിരമിക്കുന്ന ജഡ്‌ജിമാർക്ക് സാധാരണ നൽകുന്ന ഒൗദ്യോഗിക യാത്രയയപ്പും അത്താഴ വിരുന്നും തനിക്കു വേണ്ടെന്ന് ശെൽവം അറിയിച്ചു. ഒൗദ്യോഗിക കാർ അന്നുതന്നെ രജിസ്ട്രിക്ക് തിരിച്ചു നൽകി. ജഡ്‌ജിമാരല്ലാത്തവർക്കു ഹൈക്കോടതിയിൽ കയറാനും ഇറങ്ങാനുമുള്ള വഴിയിലൂടെ പുറത്തെത്തി, സ്വന്തം കാറിലാണ് ശെൽവം മടങ്ങിയത്. തീർന്നില്ല, അടുത്ത ദിവസം രാവിലെ തന്നെ ഒൗദ്യോഗിക വസതി ഒഴിഞ്ഞു നൽകി നാടായ പുലൻ കുറിച്ചിയിലേക്ക് മടങ്ങി.

നിയമത്തിന്റെ

വഴിയിൽ

"അതു നടന്നു തീർത്ത വഴിയാണ്. നമ്മുടെ ജുഡിഷ്യറി അത്രയ്‌ക്ക് ഫലപ്രദമാണെന്ന അഭിപ്രായം എനിക്കില്ല. നമ്മുടെ നീതിന്യായ സംവിധാനത്തെ അടച്ചാക്ഷേപിക്കുകയല്ല, ജുഡിഷ്യറിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണം. ജനസേവനം പരമമായ ലക്ഷ്യമാകണം. ഇതൊക്കെയാണ് ഒരു മുൻ ന്യായാധിപന് പറയാനുള്ളത്". - ശെൽവം തന്റെ നിയമ വഴികളെക്കുറിച്ചു പറഞ്ഞു തീർക്കുന്നു. മൂന്നു മുൻ സുപ്രീം കോടതി ജഡ്‌ജിമാരെ അദ്ദേഹം ഇഷ്ടത്തോടെ ഒാർക്കുന്നു. ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ, ജസ്റ്റിസ് കെ.ടി. തോമസ്, ജസ്റ്റിസ് പി. രാധാകൃഷ്‌ണൻ എന്നിവരാണ് അവർ. "ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മരിക്കുന്നതിന് കുറച്ചു നാൾ മുമ്പ് അദ്ദേഹത്തെ കൊച്ചിയിലെത്തി കണ്ടിരുന്നു. ഇപ്പോഴും എന്റെ ഒാർമ്മയിലുണ്ട് ആ നല്ല നിമിഷങ്ങൾ. മൂന്നു ജഡ്ജിമാരെയും വ്യക്തിപരമായി എനിക്കറിയില്ല. പക്ഷേ, അവരുടെ വിധിന്യായങ്ങളിലൂടെ അടുത്തറിയാം. ഇന്നു നിയമമല്ല, കൃഷിയാണ് എന്റെ ചിന്തയിലുള്ളത്. സ്വന്തം കൃഷിയിടത്തിൽ മികച്ച വിള കിട്ടുന്നതിനേക്കാൾ സന്തോഷം ഒരു കർഷകന് മറ്റെന്താണുള്ളത് ?" - ജസ്റ്റിസ് ശെൽവം ഒരു കൃഷിക്കാരനായി മാറിക്കഴിഞ്ഞിരിക്കുന്നു.

ജസ്റ്റിസ് എ. ശെൽവം

1981 ലാണ് അഭിഭാഷകനായി എൻറോൾ ചെയ്തു. പുതുക്കോട്ടെയിൽ നാലു വർഷം സിവിൽ കേസുകളിൽ പ്രാക്ടീസ് ചെയ്തു. 1996 ൽ ഗോപിചെട്ടിപ്പാളയത്ത് സബ് ജഡ്‌ജിയായി നിയമിതനായി. തൊട്ടടുത്ത വർഷം അഡി. ജില്ലാ ജഡ്‌ജിയായി. 1999 ൽ രാമനാഥപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജിയായി. കോയമ്പത്തൂർ ബോംബ് സ്ഫോടനക്കോടതിയിലും നിയമിക്കപ്പെട്ടിരുന്നു. പിന്നീട് മദ്രാസ് ഹൈക്കോടതിയിൽ വിജിലൻസ് രജിസ്ട്രാറായി. 2006 ൽ മദ്രാസ് ഹൈക്കോടതിയിൽ അഡിഷണൽ ജഡ്‌ജിയായി. അടുത്ത വർഷം സ്ഥിരം ജഡ്‌ജിയായി. 2018 ഏപ്രിലിൽ വിരമിച്ചു.