കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കൊച്ചിയിലെ വികസന പദ്ധതികളെ ബാധിക്കാതിരിക്കാൻ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം. രണ്ടു പതിറ്റാണ്ടായി സ്തംഭിച്ചുകിടക്കുന്ന കൊച്ചി - പൂനെ - പനവേൽ ദേശീയപാത 66 ൽ മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള വികസനം, കൊച്ചി മെട്രോ എന്നിവ മുന്നേറുകയാണ്.
ദേശീയപാത 66 ന്റെ വികസനത്തിന് സ്ഥലം ഏറ്റെടുക്കലെന്ന കടമ്പ പിന്നിടാൻ സർവെ നടപടികൾ ആരംഭിച്ചു. കുടിയൊഴിപ്പിക്കലിനെതിരെ ഒരുവിഭാഗം സമരരംഗത്താണെങ്കിലും വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് അധികൃതർ. സർവേ നടത്തിയ പ്രദേശം കല്ലിട്ടു തിരിക്കുന്ന ജോലികളാണ് മൂത്തകുന്നത്ത് കഴിഞ്ഞ ദിവസം ആരംഭിച്ചത്. ആദ്യദിവസം തന്നെ രണ്ടു കിലോമീറ്ററിൽ കല്ലിടാൻ കഴിഞ്ഞു. രണ്ടാഴ്ചയ്ക്കകം കല്ലിടൽ പൂർത്തിയാക്കും. വൈകാതെ നിർമ്മാണം ആരംഭിക്കുകയാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനം.
നിലവിലെ റോഡിന് പത്തു മീറ്ററാണ് വീതി. മുപ്പത് മീറ്ററിന് നേരത്തെ സ്ഥലം ഏറ്റെടുത്തിരുന്നു. നാല്പത്തഞ്ച് മീറ്ററാക്കാൻ രണ്ടു വശത്തു നിന്നും കൂടുതൽ സ്ഥലം ഏറ്റെടുക്കുകയാണ് ലക്ഷ്യം. പൊലീസ് സംരക്ഷണത്തിലാണ് റവന്യൂ വകുപ്പും സർവേവകുപ്പും ദേശീയപാത അതോറിറ്റിയും ചേർന്ന് നടപടികൾ തുടരുന്നത്. ഇടപ്പള്ളിയിൽ ആരംഭിച്ച് ഗുരുവായൂർ, കോഴിക്കോട്, മംഗലാപുരം വഴി മഹാരാഷ്ട്രയിലെ പനവേൽ വരെ നീളുന്നതാണ് തീരദേശ മേഖലയിൽ കൂടിയുള്ള ദേശീയപാത.
പ്രതിഷേധിച്ച് സ്ഥലമുടമകൾ
കല്ലിടലിനെതിരെ ദേശീയപാത സംയുക്ത സമരസമിതി രംഗത്തുണ്ട്. മനുഷ്യത്വരഹിതവും കൊവിഡ് പ്രോട്ടോക്കോൾ വിരുദ്ധവുമായതിനാൽ നിറുത്തിവയ്ക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. കൊവിഡ് ഭീതിക്കൊപ്പം കുടിയൊഴിപ്പിക്കൽ നടപടികൾ നേരിടേണ്ടി വരുന്നത് മാനസിക സംഘർഷം വർദ്ധിപ്പിക്കും. പുറത്തിറങ്ങാതെ കഴിയുന്ന
പ്രായമേറിയവർ, കുട്ടികൾ, മറ്റ് രോഗികൾ തുടങ്ങിയവരിലേയ്ക്ക് ഉദ്യോഗസ്ഥരും ജീവനക്കാരും വീടുകളിലും കടകളിലും കയറിയിറങ്ങി ഭൂമിയേറ്റെടുപ്പ് സർവേ നടത്തുന്നത് കൊവിഡ് വ്യാപനം വർദ്ധിക്കാനിടയുണ്ടെന്ന് സമിതി ചെയർമാൻ ഹാഷിം ചേന്നാമ്പിളളി, കൺവീനർ കെ.വി.സത്യൻ എന്നിവർ പറഞ്ഞു.
മെട്രോ രാജനഗരിയിലേക്ക്
കൊവിഡിനെയും തോല്പിച്ച് മുന്നേറുകയാണ് കൊച്ചി മെട്രോയുടെ നിർമ്മാണം. മാർച്ച് മുതൽ ട്രെയിൻ സർവീസ് നിലച്ചെങ്കിലും പേട്ട മുതൽ തൃപ്പൂണിത്തുറ വരെ പാത ദീർഘിപ്പിക്കുന്ന ജോലികളിൽ കഴിഞ്ഞയാഴ്ച നിർണായക മുന്നേറ്റം കുറിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ) കഴിഞ്ഞു.
ആലുവ മുതൽ പേട്ട വരെയുള്ള പാതയാണ് ഡൽഹി മെട്രോ റെയിൽ ലിമിറ്റഡ് (ഡി.എം.ആർ.സി) നിർമ്മിച്ചു കൈമാറിയത്. വൈറ്റില തൈക്കൂടം വരെ ട്രെയിൻ ഓടിക്കുന്നതിനിടെയാണ് കൊവിഡും ലോക്ക്ഡൗണും വന്നത്. പേട്ട വരെ നിർമ്മാണം ഏപ്രിലിൽ ഡി.എം.ആർ.സി പൂർത്തിയാക്കി. ലോക്ക് ഡൗൺ പിൻവലിച്ചാലുടൻ പേട്ട വരെ സർവീസ് ആരംഭിക്കും.
പേട്ട മുതൽ തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ വരെയുള്ള നിർമ്മാണം കെ.എം.ആർ.എൽ നേരിട്ടാണ് നിർവഹിക്കുന്നത്. കരാർ നൽകി തൂണുകളുടെ നിർമ്മാണം നേരത്തെ ആരംഭിച്ചിരുന്നു. തൂണുകൾക്ക് മുകളിൽ കുറുകെ സ്ഥാപിക്കുന്ന പൈൽ ക്യാപ്പ് സ്ഥാപിക്കുന്ന പ്രധാന ജോലിയും ആരംഭിച്ചു. പൈൽ ക്യാപ്പുകളിൽ രണ്ടു തൂണുകളെ ബന്ധിപ്പിച്ച് ആദ്യത്തെ വയഡക്ട് കഴിഞ്ഞ ദിവസം സ്ഥാപിച്ചു. യാർഡിൽ നിർമ്മിക്കുന്ന കോൺക്രീറ്റ് വയഡക്ട് ക്രെയിൻ ഉപയോഗിച്ചാണ് സ്ഥാപിച്ചത്. നിർണായകമായ മുന്നേറ്റമാണ് ഇതോടെ സാദ്ധ്യമായത്. പേട്ട മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള നിർമ്മാണം ഇതോടെ വേഗത കൈവരിച്ചു.
എസ്.എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നര കിലോമീറ്റർ നിർമ്മാണത്തിന്റെ ടെസ്റ്റ് പൈലിംഗ് ജോലികളും ആരംഭിച്ചു. റെയിൽവെ മേൽപ്പാലത്തിന് സമാന്തരമായാണ് പാത നിർമ്മിക്കുന്നത്. വലിയ വളവ് ആവശ്യമായ ഇവിടെ സാങ്കേതിക മികവോടെയാണ് നിർമ്മാണം നടത്തുക. സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കുന്നതോടെ കൊച്ചി മെട്രോ രാജനഗരിയായ തൃപ്പൂണിത്തുറയെ തൊടും. ട്രെയിൻ മാർഗം തൃപ്പൂണിത്തുറയിൽ എത്തുന്നവർക്ക് കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തുടർയാത്ര ഇതോടെ എളുപ്പമാകും. മെട്രോയുടെ വരുമാനം വർദ്ധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാരുണ്യത്തിന്റെ കൈകോർക്കൽ
ലക്ഷ്യമിട്ടത് പത്തുലക്ഷം രൂപ. മൂന്നു മണിക്കൂർ കൊണ്ട് ശേഖരിച്ചത് 27.5 ലക്ഷം രൂപ. നേരിട്ടും അക്കൗണ്ട് ട്രാൻസ്ഫറായും പണമൊഴുകിയപ്പോൾ ജീവിതത്തിലേക്ക് തിരികെ വരാൻ വഴിയൊരുങ്ങിയത് റിൻസൺ എന്ന യുവാവിന്. ആപത്തുകാലത്ത് തുണയും ആശ്വാസവുമായി മാറാൻ ഒത്തുചേർന്നത് കൊച്ചി നഗരത്തിലെ കടവന്ത്ര പ്രദേശം.
കടവന്ത്ര സെന്റ് ജോസഫ് ഇടവകാംഗമാണ് റിൻസൺ. കിഡ്നി തകരാർ സംഭവിച്ച് ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞപ്പോഴാണ് സഹായം തേടി വികാരി ഫാ. ബെന്നി മാരാംപറമ്പിലിനെ സമീപിച്ചത്. ഇടവകയ്ക്ക് പുറമേ നാനാജാതി മതസ്ഥരെയും രാഷ്ട്രീയ പ്രവർത്തകരെയും റസിഡൻസ് അസോസിയേഷനുകളെയും അദ്ദേഹം വിളിച്ചുകൂട്ടി. എല്ലാവരും പിന്തുണ അറിയിച്ചു. ജനകീയ സമിതി രൂപീകരിക്കാൻ മണിക്കൂറുകൾ വേണ്ടിവന്നില്ല. റസിഡന്റ്സ് അസോസിയേഷനുകളും ക്ലബുകളും പൊതുപ്രവർത്തകരും ഉൾപ്പെടെ സകലരും ഒരു കുടക്കീഴിൽ അണിനിരന്നു. സമിതിയുടെ കീഴിൽ 17 ഉപസമിതികൾ രൂപീകരിച്ചു.
റിൻസന് വേണ്ടി 10 ലക്ഷം രൂപ സ്വരൂപിക്കണമെന്ന ഒറ്റ ലക്ഷ്യം. അധികം തുക ലഭിച്ചാൽ പ്രദേശത്തെ അർഹതപ്പെട്ട ആരുടെയും ചികിത്സയ്ക്ക് ഉപയോഗിക്കാൻ ഉൾപ്പെടെ വ്യക്തമായ പദ്ധതികൾ തയ്യാറാക്കി. വികാരിയും നഗരസഭാ കൗൺസിലറും റിൻസന്റെ പിതാവും ചേർന്ന സംയുക്ത ബാങ്ക് അക്കൗണ്ട് തുറന്നു. ആഗസ്റ്റ് 16 ന് രാവിലെ ഒൻപത് മുതൽ 12 വരെ വീടുകൾ സന്ദർശിച്ച് സംഭാവനകൾ സ്വീകരിക്കാൻ തീരുമാനിച്ചു.
പി.ടി. തോമസ് എം.എൽ.എ ഉൾപ്പെടെ പ്രമുഖർ സഹിതം പതിനേഴ് സംഘങ്ങൾ മൂന്നു മണിക്കൂർ വീടുകൾ കയറിയിറങ്ങി. പ്രദേശവാസികൾ കാരുണ്യത്തിന്റെ മടിശീലകൾ തുറന്നപ്പോൾ അക്കൗണ്ടിലേക്കൊഴുകി എത്തിയത് 27.5 ലക്ഷം രൂപ.
കടവന്ത്ര സ്വദേശി കെ.എ. ചാക്കോയുടെയും ട്രീസയുടെയും മകനാണ് റിൻസൺ. ലിസി ആശുപത്രിയിൽ ഡോ. ബാബുവാണ് ചികിത്സ നൽകുന്നത്. വൃക്ക നൽകാൻ സഹോദരി റിൻസി നേരത്തെ തയ്യാറായതാണ്. ശസ്ത്രക്രിയയ്ക്കും അനുബന്ധ ആവശ്യങ്ങൾക്കും പണമില്ലാത്തതായിരുന്നു തടസം. സുമനസുകൾക്ക് നന്ദി പറഞ്ഞ് ശസ്ത്രക്രിയക്ക് തയ്യാറെടുക്കുകയാണ് റിൻസണും കുടുംബവും.