കൊതുകു നശീകരണത്തിൽ അമ്പേ പരാജയമായി കൊച്ചി കോർപ്പറഷൻ
കൊച്ചി: കൊതുക് നശീകരണത്തിനായുള്ള മരുന്ന് തളിക്കൽ നിലച്ചിട്ട് രണ്ടു മാസം. കൊവിഡ് വ്യാപനവും മഴയും മൂലം ഫോഗിംഗും ഇല്ലാതായി. ഇതൊക്കെ ചെയ്തിട്ട് പോലും കൊതുകിനെ തോൽപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അപ്പോൾ തീർത്തും ഇല്ലാതായ അവസ്ഥ എങ്ങിനെയായിത്തീരും എന്ന ആശങ്കയിലാണ് നഗരവാസികൾ. അതിനിടെ നഗരത്തിന്റെ പല ഭാഗത്തും ഡെങ്കിപ്പനിയും വ്യാപിക്കുന്നു.
കൊതുകുമായുള്ള യുദ്ധത്തിൽ തോറ്റുതുന്നംപാടിയ കൊച്ചി കോർപ്പറേഷൻ കൊതുക് നശീകരണ പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസിയെ ഏല്പിക്കുന്ന കാര്യം ആലോചിക്കുമ്പോഴാണ് കൊവിഡിന്റെ വരവ്.
ഫോംഗിംഗു കൊണ്ടു മാത്രം കൊതുകുകളെ തുരത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ കൊതുകുനിവാരണത്തിനായി പുതിയ പ്രവർത്തന രൂപരേഖ തയ്യാറാക്കാനും 15 ഓളം തൊഴിലാളികളെ ഉപയോഗിച്ച് ഓരോ പ്രദേശത്തും പവർ സ്‌പ്രേയിംഗ് നടത്താനും ജനുവരിയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ ഇതൊന്നും നടപ്പായില്ലെന്നു മാത്രമല്ല സ്റ്റോക്ക് തീർന്നതിനാൽ മരുന്ന് തളിക്കലും ഇല്ലാതായി .
# പാഴാകുന്ന പ്രതിരോധം
കൊതുക് നശീകരണം ഫലപ്രദമാകണമെങ്കിൽ 74 ഡിവിഷനുകളിലെയും മുഴുവൻ കാനകളിലും ആഴ്ചയിൽ ഒരു ദിവസം വീതം മരുന്ന് തളിക്കണം.
എല്ലാ ആഴ്ചയിലും ഇതേ പ്രക്രിയ ആവർത്തിക്കണം. ആദ്യത്തെ ഒരു മാസം മൂന്നു ദിവസം ഇടവിട്ടും പിന്നീട് ആഴ്ചയിൽ ഒന്നു വീതവും തുടർന്ന് മാസത്തിൽ ഒരു തവണയും ഫോഗിംഗ് നടത്തണം.
ജീവനക്കാരുടെ കുറവ് മൂലം മരുന്ന് തളിക്കൽ വഴിപാടായി മാറുന്നു.
കോർപ്പറേഷന് അഞ്ച് ഫോഗിംഗ് മെഷിനുകളുണ്ട്. ഇതിൽ മൂന്നെണ്ണം കേടാണ്.
എല്ലാ ഡിവിഷനുകളിലെയും ഫോഗിംഗിന് രണ്ട് മെഷിനുകൾ മതിയാവില്ല
കൈ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സ്‌പ്രേയിംഗ് മെഷീനുകളാണ് കൊതുകിനെതിരെയുള്ള മറ്റൊരു ആയുധം. എന്നാൽ ഇതും ആവശ്യത്തിന് എണ്ണമില്ല
കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് ഓരോ ഡിവിഷനിലേക്കും രണ്ട് തൊഴിലാളികളെ അനുവദിച്ചിട്ടുണ്ട്.
എന്നാൽ ഇവരെ മാലിന്യശേഖരണം, പുല്ലുചെത്തൽ തുടങ്ങിയ ജോലികൾക്കാണ് കൗൺസിലർമാർ പ്രയോജനപ്പെടുത്തുന്നത്.
#കൊതുക് വളർത്തൽ കേന്ദ്രങ്ങൾ
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതിനെ തുടർന്ന് നീരൊഴുക്ക് നിലച്ചു പോകുന്ന തോടുകളും കാനകളും കൊതുക് പ്രജനന കേന്ദ്രമായി മാറുന്നു. ഒട്ടേറെ വീടുകളുടെ സെപ്റ്റിക് ടാങ്കുകളും ഒൗട്ട്ലെറ്റുകളും ഓടകളിലേക്കാണ് ഘടിപ്പിച്ചിരിക്കുന്നത്
# ബഡ്ജറ്റിലെ കോടികൾ
കൊതുക് നശീകരണത്തിനായി മുൻ വർഷങ്ങളിലെ ബഡ്ജറ്റിൽ ഒരു കോടി വീതം മാറ്റി വച്ചിരുന്നു
20 ലക്ഷം രൂപയാണ് കോർപ്പറേഷൻ പ്രതിവർഷം കൊതുകിന് വേണ്ടി ചെലവഴിക്കുന്നത്.
ഡെങ്കിക്കൊതുകുകൾ വൈറ്റിലയിൽ
കൊച്ചി: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പരത്തുന്ന ഈഡിസ് കൊതുകുകൾ തമ്പടിച്ചിരിക്കുന്നത് വൈറ്റില ജനതയിലും ഐലൻഡ് നോർത്ത് ഡിവിഷനിലുമാണെന്ന് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്. കോർപ്പറേഷൻ മേഖലയിലെ 66 കേന്ദ്രങ്ങളിൽ 2019 ഫെബ്രുവരിയിലാണ് പരിശോധന നടന്നത്. വൈറ്റില ജനത, ഐലൻഡ് നോർത്ത് എന്നിവിടങ്ങളിൽ യഥാക്രമം 12, 10 എന്ന നിലയിൽ ആണ് ബ്രിട്ടോ ഇൻഡക്‌സ്. മറ്റു സ്ഥലങ്ങളിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത വളരെക്കുറവ് ആയിരുന്നു. കൊതുകുകളുടെ കൂത്താടികളെ കണ്ടെത്തിയ ഉറവിടങ്ങളുടെ എണ്ണവുമായി ബന്ധപ്പെടുത്തിയ സൂചകമാണ് ബ്രിട്ടോ ഇൻഡക്‌സ്. ഇത് 5 നും 50 നും ഇടയിലാണെങ്കിൽ രോഗവ്യാപന സാദ്ധ്യത നിലനിൽക്കുന്നതായി കരുതണം. പനയപ്പിള്ളി, മട്ടാഞ്ചേരി, മാനാശേരി, പൊന്നുരുന്നി, വൈറ്റില, കുന്നുംപുറം, എളങ്കുളം എന്നിവിടങ്ങളിൽ ക്യൂലക്‌സ് കൊതുകിന്റെ കൂത്താടികളുടെ സാന്ദ്രത കൂടുതലായി കാണപ്പെട്ടു.