kappa

കോലഞ്ചേരി: പ്രതീക്ഷകളോടെ വിളയിച്ചെടുത്ത കപ്പയ്ക്ക് വില ലഭിക്കാതായ സങ്കടത്തിൽ മരച്ചീനി കർഷകർ. വിളവെടുപ്പ് കാലമായിട്ടും മരച്ചീനി കർഷകർക്ക് അർഹിച്ച വില ലഭിക്കുന്നില്ല. ജൂലായ്, ഓഗസ്​റ്റ് മാസത്തിലാണ് മരച്ചീനി വ്യാപകമായി വിളവെടുക്കുന്നത്. വാങ്ങാനാളില്ലെന്ന വാദമുയർത്തി ഇടനിലക്കാർ കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്കാണ് കപ്പ എടുക്കുന്നത്. ഏപ്രിൽ,മെയ് മാസങ്ങളിൽ കപ്പ കുറവായിരുന്നതിനാൽ 30 രൂപയ്ക്ക് വരെ വിറ്റിരുന്നു. കർഷകർക്ക് 20 മുതൽ 25 രൂപ വരെ കിട്ടിയിരുന്നു. ഇപ്പോൾ 10 മുതൽ 12 രൂപ വരെയാണ് കർഷകർക്ക് നൽകുന്നത്. കടകളിൽ 20 മുതൽ 25 രൂപ വരെ വാങ്ങുന്നുണ്ട്.

സ്വന്തം ഭൂമിയിൽ കൃഷി ഇറക്കുന്നവർ കുറവായതിനാൽ ബഹുഭൂരിപക്ഷം ആളുകളും സ്ഥലം പാട്ടത്തിനെടുത്തും തറവാടക നൽകിയുമാണ് കൃഷി ഇറക്കിയത്. കൃഷിയിറക്കുന്നതിന്റെ മൂന്നിലൊന്ന് സ്ഥലയുടമകൾക്ക് നൽകുകയാണ് പതിവ്. ഇല്ലെങ്കിൽ പതിനായിരം മുതൽ ഇരുപതിനായിരം വരെ നൽകണം. കൂടാതെ പണിക്കൂലിയും ചിലവുമുൾപ്പടെ കിലോയ്ക്ക് 25 രൂപയെങ്കിലും കിട്ടിയില്ലെങ്കിൽ ഇവരുടെ അദ്ധ്വാനം ഫലമില്ലാതെയാകും. നിലവിൽ സ്വന്തം സ്ഥലത്ത് കൃഷിയിറക്കിയവർ പോലും മുടക്കു മുതൽ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.

വിളകൾക്ക് രോഗബാധയും

വെള്ളം കയറാൻ സാദ്ധ്യത പ്രദേശങ്ങളിൽ കൃഷിയിറക്കിയവർ ഉടൻ വിളവെടുപ്പ് നടത്തിയില്ലെങ്കിൽ വെള്ളം കയറി കപ്പ ചീഞ്ഞു പോകും. കപ്പയെ ബാധിക്കുന്ന ഇലചുരുളൽ, ഇലയിൽ പുള്ളിക്കുത്ത് എന്നിവയും വിളവിൽ കുറവുണ്ടാക്കും. കിഴങ്ങിനെ ബാധിക്കുന്ന കസാവ ട്യൂബർ റൂട്ട് രോഗവും കർഷകരെ വലക്കുന്നു.

അടുത്ത വർഷം വില കുറയും

ഇരുപത് രൂപയെങ്കിലും കിലോയ്ക്ക് കിട്ടാൻ സഹാചര്യമൊരുക്കുകയോ മരച്ചീനിക്ക് സബ്‌സിഡി നൽകാൻ സർക്കാർ തയാറാകുകയോ ചെയ്യണം. കൊവിഡ് കാലത്ത് കപ്പ കൂടുതൽ കൃഷി ചെയ്തിരിക്കുന്നതിനാൽ അടുത്ത വർഷത്തെ വിളവെടുപ്പിൽ ഇനിയും വില കുറയും.

എൽദോസ്

കർഷകൻ

പെരുവുംമൂഴി