കോലഞ്ചേരി: ഓണമിങ്ങെത്തി.. തുണിക്കടകളിൽ കറങ്ങി തിരിഞ്ഞ് ഇഷ്ടമുള്ള ഡ്രസുകൾ വാങ്ങി. വേണ്ടതും, വേണ്ടാത്തതും വാങ്ങി കൂട്ടി, ഇഷ്ടമല്ലാത്തത് തിരിച്ചു നൽകി മാറിയും,മാറ്റിയുമെടുത്ത് ,പത്തും പതിനഞ്ചും പേർ ചേർന്ന് തുണിക്കടകളിലേക്ക് ആഘോഷമായി യാത്ര. സൂചികുത്താൻ ഇടമില്ലെങ്കിലും മണിക്കൂറുകൾനിന്ന് ഇഷ്ട വസ്ത്രം തിരഞ്ഞെടുക്കുക. അതും വസ്ത്രങ്ങൾ പലവട്ടം നോക്കി പൂർണ തൃപ്തരെങ്കിൽ മാത്രം വാങ്ങും. അത്ര നേരം ക്ഷമയോടെ ജീവനക്കാരും സഹകരിക്കും. അക്കാലമൊക്കെ കൊവിഡ് കവർന്നു. ഇനി കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണം. രോഗം നമ്മുടെ ചു​റ്റുമുണ്ട്. കരുതലോടെ അതിജീവിക്കാൻ ശീലിക്കണം. ഓണനാളുകളിലേക്ക് ദിവസങ്ങളേയുള്ളൂ. 'കാണംവി​റ്റും ഓണമുണ്ണുന്ന' നമുക്ക് ഓണക്കോടിയില്ലാതെ എന്താഘോഷം...? കൊവിഡിൽ ഒലിച്ചുപോയ പുതു വസ്ത്രങ്ങളുടെ നഷ്ടം ഓണക്കാലത്ത് വീട്ടുമെന്നുറപ്പ്. എത്ര വറുതിയിലും ഓണത്തെ അത്ര ആഘോഷത്തോടെ വരവേ​റ്റിട്ടുണ്ട് മലയാളി. കൊവിഡ് പേടിയില്ലാതെ ഇഷ്ട വസ്ത്രം തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങളും തയ്യാർ.ഷോപ്പിംഗിന് ഇറങ്ങും മുമ്പ് ഒന്നു ശ്രദ്ധിച്ചാൽ ക്വാറന്റൈയിനില്ലാതെ ഓണമാഘോഷിക്കാം.

ശ്രദ്ധ വേണം കരുതലും

കൃത്യമായ ആസൂത്രണത്തോടെ മാത്രം വസ്ത്രമെടുക്കാൻ പോവുക

എന്താണ് എടുക്കേണ്ടതെന്നും എത്രയെണ്ണം വേണമെന്നും കൃത്യമായ ബോദ്ധ്യമുണ്ടാകണം

ബജ​റ്റും ഇഷ്ടവും സെയിൽസ്മാനെ വ്യക്തമായി അറിയിക്കണം

സമയംപാഴാക്കാതെ വസ്ത്രം തെരഞ്ഞെടുക്കുക

സംഘമായി പോകരുത്.അസുഖമുള്ളവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ കൊണ്ടുപോകരുത്

അളവുവസ്ത്രം കൈയിൽ കരുതണം. ഇതനുസരിച്ച് പാകമായവ തിരഞ്ഞെുക്കാം

കടയിൽ നിന്ന് വസ്ത്രം ധരിച്ചുനോക്കരുത്

ഇൻഫെക്ഷൻ കൺേട്രോൾ ജീവനക്കാരൻ

ഷോറൂമിൽ ഇൻഫെക്ഷൻ കൺേട്രോളിന് സ്ഥാപനത്തിലെ മുതിർന്ന ജീവനക്കാരനെ നിയമിച്ചു. ജീവനക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നു നോക്കലാണ് ഇവരുടെ ജോലി. സാമൂഹിക അകലം നിർബന്ധം.ഉപഭോക്താക്കൾക്കായി ഗ്ലൗസും സാനിെ​റ്റെസറും നൽകും. ഷോറൂമിൽ എത്തുന്നവരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തും

കെന്നഡി കെ.അബ്രാഹം, കെന്നഡി ടെക്സ്റ്റൈൽസ്,കോലഞ്ചേരി