ആലുവ: പൊതുഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഭൂമി ഭൂവുടമകൾ വീണ്ടും വളച്ചുകെട്ടിയിട്ടും നടപടിയെടുക്കാതെ അധികാരികൾ. സീപോർട്ട് - എയർപോർട്ട് റോഡിന്റെ ഭാഗമായി നിർമ്മിച്ച മഹിളാലയം - തുരുത്ത്, തുരുത്ത് - ചൊവ്വര പാലങ്ങൾക്ക് ഇടയിലുള്ള ഭാഗത്താണ് വ്യാപകമായ കൈയ്യേറ്റം.
പെരിയാറിനും തൂമ്പാതോടിനും കുറുകെ റൂറൽ ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ നിർമ്മിച്ച രണ്ട് പാലങ്ങൾ മുൻ സർക്കാരിന്റെ കാലത്താണ് തുറന്നത്. പാലങ്ങളും റോഡും ഉൾപ്പെടെ രണ്ട് കിലോമീറ്റാണ് പൂർത്തിയാക്കിയത്. പാലങ്ങൾക്ക് ഇടയിലുള്ള ഭാഗത്താണ് കൈയ്യേറ്റം. ഇതിന് പുറമെ റോഡിനോട് ചേർന്ന് കടകൾ നിർമ്മിച്ചവർ പിന്നീട് ചാർത്തായും മറ്റും റോഡ് കൈയ്യേറിയിട്ടുമുണ്ട്. ചിലർ കൈയ്യേറിയ സ്ഥലത്ത് സിമന്റിട്ടും കോൺക്രീറ്റ് തൂണുകളും സ്ഥാപിച്ചിട്ടുണ്ട്.ബസ് ഷെൽട്ടറുകൾ റോഡിലേക്ക് കയറ്റി നിർമ്മിച്ച് പുറകിലെ സ്ഥലം ഒഴിച്ചിടാനും ശ്രമം നടക്കുന്നുണ്ട്.
ഭൂമി ഭൂവുടമകൾ വീണ്ടും വളച്ചുകെട്ടി
നേരത്തെ ഭൂമി ഉടമകളായിരുന്നവർ തന്നെയാണ് സ്വന്തം ഭൂമിയോട് ചേർന്ന് വളച്ചുകെട്ടിയിട്ടുള്ളത്. താത്കാലികമെന്ന നിലയിലാണ് കെട്ടുന്നതെങ്കിലും ഭാവിയിൽ കൈവശപ്പെടുത്തുകയാണ് ലക്ഷ്യം.
അനധികൃത കച്ചവടം
ദൂരെ സ്ഥലങ്ങളിൽ നിന്നും വഴിയോര കച്ചവടമെന്ന പേരിൽ എത്തിയവരും ഇപ്പോൾ സ്വന്തം ഭൂമി പോലെ ഷെഡുകൾ നിർമ്മിച്ച് കച്ചവടം കൊഴുപ്പിക്കുകയാണ്. ആലുവ - പെരുമ്പാവൂർ റോഡ് കടന്നുപോകുന്ന മഹിളാലയം കവലയിലും ആലുവ - കാലടി റോഡ് കടന്നുപോകുന്ന ചൊവ്വര കവലയിലും മാർക്കറ്റിന് സമാനമായ കച്ചവടമാണ് നടക്കുന്നത്. എല്ലാ കടകളും അനധികൃതമായി നിർമ്മിച്ചതാണ്.ലോക്ക് ഡൗൺ കാലത്ത് പച്ചക്കറി വ്യാപാരം എന്ന പേരിൽ സ്ഥലം കൈയ്യേറി എട്ടോളം കടകളാണ് ഉയർന്നത്. കൈയ്യേറ്റക്കാരുടെ കൂട്ടത്തിൽ ചില രാഷ്ട്രീയ പാർട്ടികളുടെ താത്കാലിക ഷെഡുകളുമുണ്ട്.