കൊച്ചി: കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത്‌ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം തുടരാൻ കഴിയുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം തങ്ങൾക്ക് വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ കഴിഞ്ഞ നവംബറിൽ ഡിവിഷൻബെഞ്ച് വിധിപറയാൻ മാറ്റിയിരുന്നു. വിധി വൈകുന്നതാണ് അന്വേഷണത്തിന് തടസമെന്ന് സി.ബി.ഐ വിശദീകരിച്ചു. വിധി വരുംവരെ തുടർനടപടി പാടില്ലെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ നിർദ്ദേശിച്ചിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. സിംഗിൾബെഞ്ച് ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി.
കേസിലെ മുഖ്യപ്രതിയായ സി.പി.എം നേതാവ് പീതാംബരനടക്കം നൽകിയ ജാമ്യാപേക്ഷയിലാണ് സി.ബി.ഐയുടെ അഭിഭാഷകൻ ഇക്കാര്യം സിംഗിൾബെഞ്ചിൽ അറിയിച്ചത്. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ 2019 സെപ്തംബർ 30 നാണ് ഹൈക്കോടതി സിംഗിൾബെഞ്ച് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ഇതിനെതിരെ 2019 ഒക്ടോബർ 26നാണ് സർക്കാർ അപ്പീൽ നൽകിയത്. ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻബെഞ്ച് 2019 നവംബർ 16നാണ് അപ്പീൽ വിധിപറയാൻ മാറ്റിയത്.