bus2

കൊച്ചി: കൊവിഡ് കാലത്ത് കട്ടപ്പുറത്ത് കയറ്റിയ അന്തർസംസ്ഥാന സ്വകാര്യബസുകൾക്ക് 500 കോടിയുടെ വരുമാനനഷ്ടം. മൂന്നു മാസമായി കയറ്റിയിട്ട മൾട്ടി ആക്‌സിൽ ബസുകൾ അറ്റകുറ്റപ്പണി നടത്തി സർവീസ് നടത്തണമെങ്കിൽ നികുതി അടക്കം10-12 ലക്ഷം രൂപ ചെലവാക്കണം. ഉയർത്തെഴുന്നേൽക്കാൻ സാധിക്കാത്ത നിലയിൽ കൂപ്പുകുത്തുകയാണ് വ്യവസായം.
ഓണക്കാലം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി. അന്തർസംസ്ഥാന സർവീസ് പുനരാരംഭിച്ചപ്പോൾ സ്വകാര്യബസുകളെയും അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സർക്കാർ പരിഗണിച്ചില്ല.

ലക്ഷങ്ങളുടെ നഷ്ടക്കണക്ക്

സംസ്ഥാനത്ത് 300 അന്തർസംസ്ഥാന സ്വകാര്യബസ് സർവീസുകളുണ്ട്. 150 പെർമി​റ്റ് മലയാളികളുടേതാണ്. ഇതി​ന് 300 ബസുകൾ വേണം. മറ്റുള്ളവ ഇതര സംസ്ഥാനക്കാരുടേതാണ്.

മാർച്ച് 24 മുതൽ തന്നെ ഓഫീസുകൾ പൂട്ടി സർവീസ് അവസാനിപ്പിച്ചു. മാസം ഒരു ബസിന് നഷ്ടം ശരാശരി​ 15 ലക്ഷം രൂപയാണ്.

ബസുകളുടെ പ്രതിമാസ വായ്പാ തവണ രണ്ടര ലക്ഷം രൂപയാണ്. നികുതി ഇനത്തിൽ നാലര ലക്ഷം രൂപയും വേണം. കഴിഞ്ഞ മാസങ്ങളിൽ നികുതി ഇളവു ലഭിച്ചെങ്കിലും മാസത്തവണ പലരുടെയും മുടങ്ങി.

ഓണക്കാലമെന്ന
സീസൺ

ബാംഗ്ലൂർ, ഹൈദ്രബാദ്, കോയമ്പത്തൂർ പ്രദേശങ്ങളിൽ നിന്നുള്ളവർ നാടുകളിലേക്ക് എത്താൻ സ്വകാര്യ ബസുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇരട്ടിയിലേറെ തുക വരെ ബസുകൾ ഈടാക്കിയിരുന്നു. 49 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന മൾട്ടി ആക്‌സിസ് ബസിന് ഒരു ദിവസം രണ്ട് സർവീസ് നടത്തിയാൽ 3.6 ലക്ഷം രൂപ ലഭിക്കും. വർഷത്തിലെ മറ്റു നഷ്ടങ്ങൾ ഓണ സർവീസുകൾ കൊണ്ട് നികത്തുകയായിരുന്നു പതിവ്.


ബസുകളുടെ അറ്റകുറ്റപ്പണിയ്ക്ക് മാത്രമായി മൂന്നേകാൽ ലക്ഷം രൂപ ഓരോ ബസുകൾക്കും വേണം. ഒപ്പം മൂന്നു സംസ്ഥാന നികുതി ഉൾപ്പെടെ എട്ടു ലക്ഷത്തിനടുത്ത് പിന്നെയും ചെലവു വരും.

സർക്കാർ കനിയണം:


കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന മാതൃകയിൽ സ്വകാര്യസർവീസുകൾ നിരത്തിലിറക്കാൻ അനുവദിക്കണം. ഇക്കാര്യ ആവശ്യപ്പെട്ട് സർക്കാറിനെയും ഗതാഗത മന്ത്രിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

അജാസ്
സംസ്ഥാന ജനറൽ സെക്രട്ടറി
ഇന്റർസ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ