തൃപ്പൂണിത്തുറ: നവീകരിച്ച ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 4 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് അദ്ധ്യക്ഷനായിരിക്കും. ഹൈബി ഈഡൻ എം.പി ശിലാഫലകം അനാച്ഛാദനം ചെയ്യും. എം. സ്വരാജ് എം.എൽ.എ ഓഫീസ് ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി കെ. ബാബു മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, ബ്ലോക്ക് പ്രസിഡന്റ് ജയാ സോമൻ, ജില്ലാ പഞ്ചായത്ത് അംഗം എ.പി. സുഭാഷ് എന്നിവർ സംസാരിക്കും.