കൊച്ചി : കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ എല്ലാവരുടെയും കോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ടെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിനോടു രേഖാമൂലം വിശദീകരണം തേടിയ കോടതി, ഹർജി നാളെ വീണ്ടും പരിഗണിക്കും.
കൊവിഡ് രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ മൊബൈൽ ടവർ ലൊക്കേഷൻ മതിയെന്ന് ഇത് സംബന്ധിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിക്കവെ,സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഈ വിശദീകരണം രേഖപ്പെടുത്തി ഹർജി തീർപ്പാക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടെങ്കിലും ഹർജിക്കാരൻ എതിർത്തു. കൊവിഡ് രോഗികളുടെ കോൾ വിവരങ്ങൾ സേവന ദാതാക്കളായ ബി.എസ്.എൻ.എൽ, വോഡഫോൺ എന്നിവരിൽ നിന്ന് ലഭ്യമാക്കാൻ എ.ഡി.ജി.പി (ഇന്റലിജൻസ്), പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് അധികൃതർ എന്നിവർക്ക് നിർദ്ദേശം നൽകിയ ആഗസ്റ്റ് 11 ലെ ഡി.ജി.പിയുടെ സർക്കുലർ റദ്ദാക്കണമെന്ന ആവശ്യവും ഹർജിയിലുണ്ടെന്ന് അഭിഭാഷകൻ വാദിച്ചു.തുടർന്നാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ സർക്കാരിനോടു രേഖാമൂലം വിശദീകരണം തേടിയത്.