udf
കീഴ്മാട് ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കള നടത്തിപ്പിൽ അഴിമതിയാരോപിച്ച് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷം ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം

ആലുവ: കൊവിഡ് മഹാമാരിക്കിടയിലും കീഴ്മാട് ഗ്രാമപഞ്ചായത്തിൽ സമൂഹ അടുക്കള നടത്തിപ്പിൽ അഴിമതി നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.

പലവട്ടം ആവശ്യപ്പെടുകയും കോൺഗ്രസ് പ്രത്യക്ഷ സമരം ആരംഭിക്കുകയും ചെയ്തതിനെ തുടർന്ന് ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ സമൂഹ അടുക്കളയുടെ വരവ് -ചെലവ് കണക്കുകൾ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ രേഖകളൊന്നുമില്ലാതെ വെള്ളക്കടലാസിൽ ആകെ വരവും ചെലവും മാത്രം പറയുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തിയതോടെ കണക്കുകൾ പഞ്ചായത്ത് രേഖയിൽ ഉൾപ്പെടുത്താനാവില്ലെന്ന് സെക്രട്ടറിയും വിശദീകരിച്ചു. സമൂഹ അടുക്കളയിൽ വിവിധ സംഘടനകളും വ്യക്തികളും നൽകിയ ഉത്പന്നങ്ങൾ സ്വീകരിക്കുന്നതിന് പ്രത്യേക രജിസ്റ്റർ സൂക്ഷിച്ചിരുന്നു. എന്നാൽ പണം ശേഖരിച്ചത് രസീത് മുഖാന്തരമായിരുന്നില്ലെന്നാണ് പ്രതിപക്ഷ ആരോപണം. പഞ്ചായത്തിന്റെ വരവിൽ ഉൾപ്പെടുത്തിയതുമില്ല. ഇക്കാര്യം യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി സമ്മതിച്ചതോടെ പ്രതിപക്ഷ ബഹളം ശക്തമായി.

പ്രതിപക്ഷം ഇറങ്ങിപ്പോയി

80,000 രൂപയോളം വരവും 2,000 രൂപ നീക്കിയിരിപ്പുമുണ്ടായ കണക്ക് അംഗീകരിച്ചതായി പ്രസിഡന്റ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.അഴിമതിയുടെ വ്യക്തമായ സാഹചര്യത്തിൽ പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്നും സംഭവത്തെ കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് എം.ഐ. ഇസ്മായിൽ, അംഗങ്ങളായ ലിസി സെബാസ്റ്റ്യൻ, അനുക്കുട്ടൻ, സാഹിത അബ്ദുൾ സലാം, ജിഷ റിജോ, ഷാഹിറ നൗഫൽ എന്നിവർ സമരത്തിൽ പങ്കെടുത്തു.