കൊച്ചി: നയതന്ത്രചാനലിലൂടെ യു.എ.ഇ കോൺസുലേറ്റിന്റെ ബാഗേജ് കൈമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ അസി. പ്രൊട്ടോകോൾ ഓഫീസർ എം.എസ്. ഹരികൃഷ്‌ണൻ കൊച്ചി എൻ.ഐ.എ ഓഫീസിൽ നേരിട്ടെത്തി കൈമാറി. യു.എ.ഇയിൽനിന്ന് മതഗ്രന്ഥങ്ങൾ എങ്ങനെ എത്തിയതെന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. രണ്ടുവർഷമായി നയതന്ത്ര പാഴ്സലിന് അനുമതി നൽകുകയോ ആരെങ്കിലും ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന് ഹരികൃഷ്‌ണൻ വ്യക്തമാക്കി. നേരത്തെ കസ്‌റ്റംസും ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. നയതന്ത്രചാനലിലൂടെ എത്തിയ മതഗ്രന്ഥങ്ങൾ സി.ആപ്‌റ്റുവഴി വിതരണം ചെയ്‌തതായി മന്ത്രി ജലീൽ വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കസ്‌റ്റംസും എൻ.ഐ.എയും പ്രൊട്ടോകോൾ ഓഫീസറാേട് വിശദീകരണം തേടിയത്.