കൊച്ചി: കൊച്ചി കോർപ്പറേഷൻ ഓഫീസ് ഇന്നലെ പൂർണമായും അണുവിമുക്തമാക്കി. ഫയർഫോഴ്സിന്റെയും കോർപ്പറേഷൻ ജീവനക്കാരുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
ഒരു കൗൺസിലർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ ഓഫീസ് പ്രവർത്തിച്ചില്ല. ഈ കൗൺസിലർ കഴിഞ്ഞ തിങ്കളാഴ്ച ഓഫീസിലെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് പോസിറ്റീവാണ്. കൗൺസിലറുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നിട്ടുള്ള മേയർ, സെക്രട്ടറി, ആറ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, സൂപ്രണ്ടിംഗ് എൻജിനിയർ, ഉദ്യോഗസ്ഥർ തുടങ്ങി കോർപ്പറേഷനിലെ വലിയൊരു വിഭാഗം ക്വാറന്റെയിനിലാണ്.
ഇന്നു മുതൽ ഓഫീസ് സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ അറിയിച്ചു.