മൂവാറ്റുപുഴ: പൈങ്ങോട്ടൂർ കുടിവെള്ള പദ്ധതിയുടെ ടാങ്കും, ട്രീറ്റ്‌മെന്റ് പ്ലാന്റും സ്ഥാപിക്കാൻ വനം വകുപ്പ് 60 സെന്റ് ഭൂമി അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു.പഞ്ചായത്തിലെ വെട്ടിക്കലോലി എന്ന സ്ഥലത്ത് വാട്ടർ ടാങ്കിന് 10 സെന്റും, പൂതകുളത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ 50 സെന്റ് സ്ഥലവും ഉൾപ്പെടെ 60 സെന്റ് ഭൂമിയാണ് വനം വകുപ്പ് അനുവദിച്ചത് . വിട്ടുകിട്ടുന്ന വനംവകുപ്പ് ഭൂമിക്ക് നിയമാനുസൃതം നൽകേണ്ട തുക കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി വകയിരുത്തിയിട്ടുള്ളതിനാൽ ടെണ്ടർ നടപടികൾ വേഗത്തിലാക്കുമെന്ന് എം.എൽ.എ പറഞ്ഞുപൈങ്ങോട്ടൂർ കുടിവെള്ള പദ്ധതിയ്ക്ക് 28.82 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. ജില്ലയിലെ കിഴക്കൻ മേഖലയിൽ ഏറ്റവും കൂടുതൽ കുടിവെള്ള ക്ഷാമമുള്ള പൈങ്ങോട്ടൂർ പഞ്ചായത്തിലെ നാലായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നതാണ് പദ്ധതിയുടെ നേട്ടം.
പഞ്ചായത്തുകളിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽപ്പെട്ട പഞ്ചായത്തുകളിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയാണിത്. കാളിയാർ പുഴയുടെ തീരത്ത് പനങ്കര കാവുംകഴത്തിൽ കിണറും പമ്പുഹൗസും 50 എച്ച്.പി മോട്ടോറും സ്ഥാപിച്ച് പൂതകുളത്ത് 50 സെന്റ് സ്ഥലത്ത് സ്ഥാപിക്കുന്ന 40 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ശുചീകരണ പ്ലാന്റിലേയ്ക്ക് വെള്ളം പമ്പു ചെയ്ത് ശുചീകരിച്ച ശേഷം തൊട്ടി പത്തിരിച്ചോലയിൽ സ്ഥാപിക്കുന്ന 4.75 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേയ്ക്കും കുളപ്പുറത്ത് സ്ഥാപിക്കുന്ന 4.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേയ്ക്കും ചാത്തമറ്റം വെട്ടിക്കലോലിയിൽ സ്ഥാപിക്കുന്ന 2.95 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലേയ്ക്കും വെള്ളമെത്തിച്ച് വിതരണം ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തതിട്ടുള്ളത്.
ടെൻഡർ നടപടികൾ ഉടൻ
300 എം.എം അളവിലുള്ള 3.2 കിലോമീറ്റർ മെയിൻ പമ്പിംഗ് ലൈനും. ശുചീകരണ പ്ലാന്റിൽ നിന്നും ടാങ്കുകളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള 250, 200,150 എം.എം വലുപ്പമുള്ള 9.1 കിലോമീറ്റർ പൈപ്പ് ലൈനുകളും ,35 എച്ച്.പി യുടെയും 25 എച്ച്.പിയുടെയും 4 മോട്ടോറുകളും ജലവിതരണത്തിനായി പഞ്ചായത്തിലുടനീളം സ്ഥാപിക്കുന്ന 200 കിലോമീറ്റർ പൈപ്പുലൈനുകളും ഉൾപ്പെടുന്ന പദ്ധതിയാണിതെന്നും , പദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തികരിച്ച് ഒരു വർഷത്തിനുള്ളിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നും എം.എൽ.എ അറിയിച്ചു.