പെരുമ്പാവൂർ: കുറുപ്പംപടി ഡയറ്റിന് അനുവദിച്ച പുതിയ അക്കാഡമിക്ക് ബ്ലോക്ക് ഉദ്ഘടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 43 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന ഇൻസ്‌പെയർ പെരുമ്പാവൂർ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്.
രണ്ട് ക്ലാസ് മുറികളും ശുചിമുറികളും അടക്കം 1975 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. ഭാവിയിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടി സഹായകരമാകുന്ന തരത്തിലാണ് കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. എല്ലാ സൗകര്യങ്ങളോട് കൂടിയ കെട്ടിടം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അദ്ധ്യാപകർക്ക് പരിശീലനം നൽകുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗവേഷണം നടത്തുകയും ജില്ലയിലെ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്ന സ്ഥാപനമാണ് ഡയറ്റ്. ഇവിടെ ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ കോഴ്‌സിൽ രണ്ട് ബാച്ചുകളിലായി 80 കുട്ടികൾ പഠിക്കുന്നുണ്ട്. ഏറ്റവും കാലപ്പഴക്കം ചെന്ന കെട്ടിടം ആയതിനാലാണ് പുതിയ കെട്ടിടത്തിന് തുക അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ മേരി പൗലോസ്, ഐസക് തുരുത്തിയിൽ, പ്രിൻസിപ്പൽ ടി.വി ഗോപകുമാർ, കെൽ മാനേജർ വി.എ സുധീരൻ, അസാപ്പ് ഓഫീസർ കാർത്തിക ഭാസ്‌ക്കർ, കെ.കെ മാത്തുകുഞ്ഞ്, സജി പടയാട്ടിൽ, കുര്യൻ പോൾ എന്നിവർ സംബന്ധിച്ചു.