risabava

കൊച്ചി : ചെക്ക് കേസിൽ കോടതി വിധിച്ച പിഴയൊടുക്കാതിരുന്ന നടൻ റിസബാവയെ അറസ്റ്റുചെയ്തു ഹാജരാക്കാൻ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. എളമക്കര സ്വദേശി സാദിഖ് നൽകിയ പരാതിയിൽ 2018 ലാണ് റിസബാവയ്ക്ക് മൂന്നുമാസം തടവും 11 ലക്ഷം രൂപ പിഴയും കോടതി ശിക്ഷിച്ചത്. പിഴത്തുക അടച്ചാൽ പരാതിക്കാരന് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ ഒരുമാസംകൂടി അധികതടവ് അനുഭവിക്കാനും വിധിയിൽ പറഞ്ഞിരുന്നു. ഇതിനെതിരെ റിസബാവ നൽകിയ അപ്പീലിൽ 11 ലക്ഷം രൂപ പിഴമാത്രമാക്കി ശിക്ഷ കുറച്ചു. പിഴയടച്ചില്ലെങ്കിൽ ഒരുമാസം തടവ് അനുഭവിക്കാനും ഉത്തരവിട്ടു. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സെഷൻസ് കോടതിയുടെ വിധി ശരിവച്ചു. പിഴയടയ്ക്കാൻ ആറുമാസംകൂടി സമയം നൽകി. കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് റിസബാവയെ അറസ്റ്റുചെയ്തു ഹാജരാക്കാൻ ഉത്തരവിട്ടത്.