തൃക്കാക്കര : കെ.ബി.പി.എസ് മാനേജ്‌മെന്റ് പാഠപുസ്തക അച്ചടി മെഷീൻ സ്വകാര്യവ്യക്തിക്ക് കരാർ കൊടുക്കാനുളള നീക്കത്തിൽ പ്രതിഷേധിച്ച് നടത്തിവന്ന വ്യത്യസ്തമായ സമരം പ്രശ്നപരിഹാരത്തിലേക്ക്. തൊഴിലാളികളും ട്രേഡ് യൂണിയൻ നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണിത്.
അധിക സമയം പണിയെടുത്തായിരുന്നു പ്രതിഷേധം. കരാർ കൊടുക്കുന്നത് വഴി ഒരുദിവസം 90,000 കോപ്പിയുടെ അധിക ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്നായിരുന്നു കെ .ബി .പി .എസ് മാനേജ്‌മെന്റിന്റെ വാദം.
കെ .ബി .പി എസിലെ ചില ഉദ്യോഗസ്ഥർ എം.ഡിയെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ് ഈ തീരുമാനമെന്ന് തൊഴിലാളി നേതാക്കൾ പറയുന്നു. രണ്ടുമാസമായി മൂന്നാം ഷിഫ്റ്റ് മനഃപൂർവം ഒഴിവാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
മറ്റ് മെഷ്യനുകളിൽ അധിക സമയം ജോലിചെയ്ത് ഇപ്പോഴത്തെ അച്ചടി പ്രതിസന്ധി പരിഹരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. അങ്ങനെ വരുന്നതോടെ മെഷ്യൻ കരാർ നൽകേണ്ട ആവശ്യമില്ലാതാവുമെന്നും അവർ പറയുന്നു.
കരാർ നടപടികളുമായി മുന്നോട്ടുപോയാൽ സമരവുമായി മുന്നോട്ടുപോകാനാണ് യൂണിയനുകളുടെ നീക്കം