കൊച്ചി : തന്റെ നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ ബി.എസ്.എൻ.എൽ മുൻ ജീവനക്കാരി രഹ്നാ ഫാത്തിമയ്ക്ക് എറണാകുളം പോക്സോ കോടതി ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർത്തെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കോടതി ജാമ്യം നൽകിയത്. 25,000 രൂപയുടെ ബോണ്ടും നിർദേശിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചയും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം.
രഹ്നയ്ക്കെതിരെ തിരുവല്ല സ്വദേശി അരുൺ പ്രകാശ് നൽകിയ പരാതിയിൽ കേസെടുത്തതിനു പുറമേ വിഷയത്തിൽ പൊലീസ് സ്വമേധയാ മറ്റൊരു കേസും എടുത്തിരുന്നു. ഇരുകേസുകളിലും മുൻകൂർ ജാമ്യംതേടി രഹ്ന ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി നൽകിയെങ്കിലും തള്ളി. തുടർന്നാണ് ഇവർ പൊലീസിനു കീഴടങ്ങിയത്.