തോപ്പുംപടി: കഴിഞ്ഞ ഒരു മാസമായി പശ്ചിമകൊച്ചിയിലെ ഡിവിഷനുകൾ പൂർണമായി അടച്ചിട്ട് വ്യാപാരികളെ കഷ്ടപ്പെടുത്തുന്ന അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് കച്ചവടക്കാർ സമരത്തിലേക്ക്. രോഗബാധയുള്ള സ്ഥലങ്ങൾ അടച്ചുപൂട്ടി ബാക്കിയുള്ള സ്ഥലങ്ങൾ തുറന്നുകൊടുക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കൊച്ചി മേഖലാ സമിതി ആവശ്യപ്പെടുന്നത്. മുഴുവൻ യൂണിറ്റുകളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.
പശ്ചിമകൊച്ചിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മന്ത്രി വി.എസ്. സുനിൽകുമാർ യോഗം ചേർന്നെടുത്ത തീരുമാനം നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന അലംഭാവം പ്രതിഷേധാർഹമാണെന്ന് മേഖലാ പ്രസിഡന്റ് ഡിലൈറ്റ് പോൾ പറഞ്ഞു. രോഗബാധിത സ്ഥലങ്ങൾ അടച്ചുപൂട്ടി രോഗം ഇല്ലാത്ത സ്ഥലങ്ങൾ തുറന്ന് കൊടുക്കണമെന്നും വഴിയോരക്കച്ചവടം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നികുതി നൽകുന്ന കച്ചവടക്കാർ കടക്കെണി മൂലം ആത്മഹത്യാ ഭീഷണി നേരിടുകയാണ്.
# യു.ഡി.എഫ് പ്രതിഷേധം
അതേസമയം ഒരു മാസക്കാലമായി അടച്ചിട്ട പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റുവാൻ മന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനം ഒരാഴ്ച പിന്നിട്ടിട്ടും നടപ്പിലാക്കാത്ത ഉദ്യോഗസ്ഥരുടെ നിലപാടിൽ യു.ഡി.എഫ് കൊച്ചി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധിച്ചു.
പട്ടിണിമൂലം ജനം തെരുവിൽ ഇറങ്ങേണ്ട അവസ്ഥയാണെന്നും ജനപ്രതിനധികൾ ഇക്കാര്യത്തിൽ നിസഹായരാണെന്നും രോഗമില്ലാത്ത മേഖലകളിലെ ജനങ്ങളെ ജോലിക്ക് വിടാൻ അധികാരികൾ തയ്യാറാകണമെന്നും എൻ.സി.സി കൊച്ചി മേഖലാ കമ്മറ്റി ഭാരവാഹികളും മുന്നറിയിപ്പ് നൽകി.