ഫോർട്ടുകൊച്ചി: അടച്ചുപൂട്ടൽ തുടർന്നാൽ കൊച്ചിയുടെ സാമ്പത്തികഭദ്രത തകരുമെന്ന് ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് മുന്നറിയിപ്പ് നൽകി. ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാർ ഉൾപ്പെടെ കൊച്ചിയിലെ വ്യവസായ വാണിജ്യസമൂഹം അശാസ്ത്രീയമായ അടച്ചുപൂട്ടലിൽ ദുരിതം അനുഭവിക്കുകയാണെന്ന് ചേംബർ പ്രസിഡൻ്റ് സണ്ണി മലയിൽ പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് പരാതി നൽകി.
അടച്ചുപൂട്ടൽ കയറ്റുമതി ഷെഡ്യൂളിനെത്തന്നെ താളംതെറ്റിച്ചു. നെറ്റ് ബാങ്കിംഗ് അത്ര പരിചയമില്ലാത്തവരാണ് ഇവിടത്തെ ഭൂരിഭാഗം കച്ചവടക്കാരും. ഇവർ ആശ്രയിക്കുന്നത് ബാങ്കുകളെയാണ്. ഇവിടെ ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുകയാണ്. കർഷകർക്കും കച്ചവടക്കാർക്കും സുഗന്ധവ്യഞ്ജനവുമായി മട്ടാഞ്ചേരി ജ്യൂ ടൗൺ ഭാഗത്തേക്ക് വരാൻ കഴിയാത്ത സ്ഥിതിയാണ്. കൊച്ചി തുറമുഖത്ത് ബാഗേജ് ക്ലിയറൻസ് അനുബന്ധ ജോലികൾക്കും ജീവനക്കാർക്ക് എത്താൻ കഴിയുന്നില്ല. കൊച്ചിയെ തകർക്കുന്ന കൊച്ചി ക്ളസ്റ്റർ എന്ന ആശയം ഉപേക്ഷിക്കണമെന്നും പ്രശ്നങ്ങൾ ഉള്ള സ്ഥലത്ത് മാത്രം മൈക്രോ കണ്ടെയ്മെന്റ് സോണാക്കി വ്യവസായവാണിജ്യ സമൂഹത്തിന്റെ ദുരിതം അകറ്റണമെന്നും ഇന്ത്യൻ ചേംബർ ഒഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.