കൊച്ചി: കൊച്ചി കോർപ്പറേഷനിലെ പദ്ധതിപ്രവർത്തനം അവതാളത്തിലായതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിന്റെ ചുമലിൽചാരി രക്ഷപ്പെടാനുള്ള ഭരണസമിതിയുടെ ശ്രമം വിലപ്പോവില്ലെന്ന് എൽ.ഡി.എഫ്. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാത്തതിനാൽ ഹൈക്കോടതിവരെ കോർപ്പറേഷൻ ഭരണത്തെ വിമർശിച്ചുകഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ ബഡ്ജറ്റ് നിർദേശം വന്നത് ജൂൺ 30 നാണ്. 15ാം ധനകാര്യ കമ്മിഷന്റെ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട കൃത്യമായ മാർഗനിർദേശവും ഇതോടൊപ്പം കോർപ്പറേഷന് ലഭിച്ചിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഒരു മാസവും ആറുദിവസവും പിന്നിട്ടപ്പോഴാണ് യാതൊരു പദ്ധതിക്കും രൂപം കൊടുക്കാതെ വിഷയം കൗൺസിലിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
# തുടക്കത്തിലേ കല്ലുകടി
പുതുക്കിയ ബഡ്ജറ്റ് നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ മേയർ ചെയർമാനായ നഗരസഭ ആസൂത്രണസമിതി യോഗം ചേരണം. വിദഗ്ദ്ധർ ഉൾപ്പെടെ അടങ്ങുന്ന സമിതിയുടെ നിർദേശങ്ങൾ വർക്കിംഗ് ഗ്രൂപ്പുകളിലേക്ക് കൈമാറണം. തുടർന്ന് ഇത് പദ്ധതികളാക്കി അംഗികാരത്തിനായി ബന്ധപ്പെട്ട സ്റ്റാൻഡിംഗ് കമ്മിറ്റികളിലേക്ക് നൽകണം. ഇവർ പദ്ധതി നിർദ്ദേശങ്ങൾ ചർച്ചചെയ്ത് അംഗികരിച്ച് കൗൺസിലിന്റെ അംഗികാരത്തിനായി സമർപ്പിക്കണം. ആവശ്യത്തിന് സമയം ഉണ്ടായിട്ടും ഇത്തരം നടപടിക്രമങ്ങളൊന്നും പൂർത്തീകരിക്കാതെയാണ് അജണ്ട കൗൺസിലിൽ കൊണ്ടുവന്നത്.
ആഗസ്റ്റ് പത്തിനകം പുതുക്കിയ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ (ഡി.പി.സി) അംഗികാരം നേടേണ്ടതായിരുന്നു. എന്നാൽ കൗൺസിൽ ചേർന്നത് ഏഴിന് വെള്ളിയാഴ്ചയാണ്. തുടർന്ന് അവധി ദിവസങ്ങളായി. ഇതുവരെ അംഗീകാരത്തിനായി സമർപ്പിക്കാത്ത ഈ പദ്ധതികളാണ് പ്രതിപക്ഷം തടസപ്പെടുത്തിയതെന്നാണ് ഭരണനേതൃത്വം പ്രചരിപ്പിക്കുന്നത്.
വി.പി. ചന്ദ്രൻ, കൗൺസിലർ,
എൽ.ഡി. എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി
# നിർദേശങ്ങൾ പാലിച്ചില്ല
15-ാം ധനകാര്യ കമ്മിഷൻ ഗ്രാന്റായി അനുവദിച്ച 59 കോടിയിൽനിന്ന് 23 കോടി രൂപ കൊച്ചി നഗരസഭയോടു ചേർന്ന് കിടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി വിനിയോഗിക്കേണ്ടതാണ്.
കുടിവെള്ള ക്ഷാമത്തിനും മാലിന്യപ്രശ്‌നത്തിനും പരിഹാരം കാണുവാൻ കഴിയുമായിരുന്ന സാദ്ധ്യതകളാണ് ഭരണനേതൃത്വത്തിന്റെ അനങ്ങപ്പാറനയം മൂലം നഷടപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ പഴി മറ്റുള്ളവരിൽ ചാരി രക്ഷപെടാനുള്ള ശ്രമം വിലപ്പോവില്ലെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞു