പറവൂർ: പറവൂർ നഗരസഭ ക്ലീൻ പറവൂർ ഗ്രീൻ പറവൂർ പദ്ധതിയുടെ ഭാഗമായി നഗരസഭയും ശുചിത്വമിഷനും ചേർന്ന് നടപ്പിലാക്കുന്ന ഉറവിട മാലിന്യ സംസ്കരണ പദ്ധതിയായ ബയോ കമ്പോസ്റ്റർ ബിന്നുകൾ വിതരണം ചെയ്തു. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2.16 ലക്ഷം രൂപയ്ക്ക് 120 യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. ഈ വർഷം 567 യൂനിറ്റുകൾ കൂടി വിതരണം ചെയ്യുന്നുണ്ട്. ഓരോ വീട്ടിലും ഉണ്ടാവുന്ന ജൈവ മാലിന്യങ്ങൾ എല്ലാം പരമാവധി സംസ്കരിക്കുന്നതിനും അതുവഴി ഗുണനിലവാരമുള്ള വളം നിർമ്മിക്കുന്നതിനും ഈ പദ്ധതിയിലൂടെ കഴിയുന്നതാണ്. 1800 രൂപ വിലയുള്ള ഒരു യൂണിറ്റ് 90 ശതമാനം സബ്സിഡിയിൽ 180 രൂപയ്ക്കാണ് നൽകുന്നത്.