കോലഞ്ചേരി: പതിവ് തെറ്റിയില്ല. ചിങ്ങം പിറന്നതോടെ നേന്ത്രക്കായ വില കുതിപ്പ് തുടങ്ങി. ഇന്നലെ മൊത്ത വിതരണ കേന്ദ്രത്തിൽ വില 60 രൂപയിലെത്തി. വിലയിടിവ് മൂലം പ്രതിസന്ധിയിലായ കർഷകർക്ക് ഇത് ആശ്വാസമാണെങ്കിലും ഓണത്തിന് ഒഴിച്ചുകൂടാനാവത്ത ഉപ്പേരി സാധാരണക്കാരന്റെ കൈപൊള്ളിക്കും.രണ്ട് ദിവസം മുമ്പു വരെ 45 രൂപയ്ക്കായിരുന്നു നേന്ത്രക്കായ വില. ജില്ലയിലെ പ്രധാന വാഴകൃഷി കേന്ദ്രമായ തിരുവാണിയൂർ, മഴുവന്നൂർ, കാലടി മേഖലയിലുണ്ടായ കാലവർഷ കെടുതിയും നേന്ത്രക്കായ്ക്ക് ആവശ്യക്കാർ കൂടിയതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം.
ഏപ്രിൽ ആദ്യം മൊത്ത വില കിലോയ്ക്ക് 14 രൂപ വരെയായി താഴ്ന്നിരുന്നു. പിന്നീട് 32 ലേയ്ക്ക് ഉയർന്നു.കഴിഞ്ഞ ദിവസം മാർക്കറ്റിൽ വില 48-52 രൂപയിലേക്കെത്തി. തൃശിനാപ്പള്ളിയിൽനിന്നുള്ള നേന്ത്റക്കായയുടെയടക്കം വരവ് നിലച്ചതും നാടൻ കായയുടെ ഡിമാൻഡ് കൂട്ടി. അതേസമയം വിപണിയിൽ നാടൻകായുടെ ലഭ്യത നന്നേ കുറവാണ്. കൃഷിയിടങ്ങൾ പലതും കണ്ടെയിൻമെന്റ് സോണിലായതും കൊവിഡ് നിയന്ത്രണങ്ങളും നേന്ത്രക്കായ വില ഇനിയും ഉയരാൻ ഇടയാക്കുമെന്ന് വില്പനക്കാർ പറയുന്നു.