കൊച്ചി: കൊവിഡ് സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലയ്ക്ക് നഷ്ടമാക്കിയത് 308 കോടി രൂപ. വിത്തിന്റെയും തീറ്റയുടെയും കുറവ് മുതൽ തൊഴിലാളികളുടെ കുറവു വരെ കാരണമായി. ആശങ്ക മൂലം പൂർണ വളർച്ചയെത്തും മുമ്പ് വിളവെടുത്തതും നഷ്ടത്തിന് കാരണമായി. ചെന്നൈ ആസ്ഥാനമായ കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനം (സിബ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
# ലോക്ക് ഡൗൺ തിരിച്ചടിയായി
കൊവിഡ് വ്യാപനത്തോടെ ചെമ്മീൻ ഉത്പാദനം 500 ടൺ വരെ കുറഞ്ഞു
വിത്തിന്റെയും തീറ്റയുടെയും ദൗർലഭ്യം മൂലം 50 ശതമാനം കർഷകർ കൃഷി ഉപേക്ഷിച്ചു
തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് തീറ്റ എത്തിക്കുന്നത്
ലോക്ക് ഡൗൺ കാലത്ത് ചെമ്മീൻ തീറ്റ വരവ് നിലച്ചു
തൊഴിലാളികളുടെ കുറവും കൃഷിയെ ബാധിച്ചു
മുൻ വർഷത്തെ അപേക്ഷിച്ച് കൃഷിയിൽ 30 ശതമാനം കുറവ്.
# നേരത്തെ വിളവെടുത്തു
രോഗവ്യാപനം ഭയന്ന് മിക്കവരും പൂർണ വളർച്ചയെത്തുന്നതിന് മുമ്പ് ചെമ്മീൻ വിളവെടുപ്പ് നടത്തിയത് നഷ്ടത്തിന് ആക്കം കൂട്ടി. ചെറിയ വലിപ്പത്തിലുള്ള ചെമ്മീൻ കുറഞ്ഞ വിലയ്ക്കാണ് കർഷകർ വിറ്റഴിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് അക്വാലബോറട്ടറികളുടെയും വിദഗ്ദ്ധരുടെയും സേവനം ലോക്ക് ഡൗൺ കാലത്ത് ലഭിക്കാത്തത് പൂർണ വളർച്ചെയെത്തും മുമ്പ് വിളവെടുക്കാൻ കർഷകർ നിർബന്ധിതരായത്.
ചെമ്മീൻ കൃഷി കാലാവധി പൂർത്തിയാക്കാൻ 80 ദിവസം വേണം
ഈവർഷം 25 ശതമാനം കർഷകരും 30 ദിവസത്തിനുള്ളിൽ വിളവെടുപ്പ് നടത്തി.
15 ശതമാനം പേർ 30 - 80 ദിവസങ്ങൾക്കുള്ളിൽ വിളവെടുത്തു. 10 ശതമാനം കർഷകരാണ് കാലാവധി പൂർത്തിയാക്കിയത്.
# തൊഴിൽ നഷ്ടം
നിലവിൽ 3,144 ഹെക്ടറിലാണ് ചെമ്മീൻ കൃഷി നടക്കുന്നത്
സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെമ്മീൻ ഉത്പാദനം 1,500 ടൺ
ലോക്ക് ഡൗൺ കാരണം ഈ മേഖലയിൽ ഏകദേശം 12,000 പേർക്ക് തൊഴിൽ നഷ്ടമായി
ഇതു വഴിയുള്ള സാമ്പത്തിക നഷ്ടം 108 കോടി രൂപയാണ്
# അവശ്യസേവനം രക്ഷയായി
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം രാജ്യത്തെ ചെമ്മീൻ ഉത്പാദനത്തിൽ മുൻവർഷത്തേക്കാൾ 40 ശതമാനത്തോളം ഇടിവുണ്ടായി. 1.60 ബില്യൺ യുഎസ് ഡോളർ നഷ്ടമാണ് ഇതുവഴി ഉണ്ടായത്. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ഇടപെടലിനെ തുടർന്ന് ചെമ്മീൻ കൃഷിയെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞത് രക്ഷയായി
ഡോ. കെ.കെ വിജയൻ
സിബ ഡയറക്ടർ