വൈപ്പിൻ: നിർമ്മാണം പൂർത്തിയായി ആറു മാസമായിട്ടും തുറക്കാതെ കിടക്കുന്ന മുരിക്കുംപാടം ഗ്യാസ് ക്രിമിറ്റോറിയത്തിന്റെ ഉദ്ഘാടനം സെപ്തംബർ ഒന്നിന് നടത്താൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. സ്വാതന്ത്ര്യദിനത്തിൽ ഉദ്ഘാടനം നടത്താൻ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് നേരത്തെ തീരുമാനിച്ചുവെങ്കിലും പ്രസിഡന്റ് കെ.കെ ഉണ്ണികൃഷ്ണനെ സ്വാഗതപ്രാസംഗികനായി അംഗീകരിക്കാൻ ജില്ലാ പഞ്ചായത്ത് തയ്യാറാകാത്തതിനെ തുടർന്നാണ് ഉദ്ഘാടനം നടക്കാതെ പോയത്.ജില്ലാ പഞ്ചായത്ത് 90 ലക്ഷം രൂപയും എളങ്കുന്നപ്പുഴ പഞ്ചായത്ത് 10 ലക്ഷവും ചെലവാക്കിയാണ് ഗ്യാസ് ക്രിമിറ്റോറിയം സ്ഥാപിച്ചത്. ഇതിനാൽ ജില്ലാപഞ്ചായത്തിന്റെ താൽപര്യപ്രകാരം മാത്രമേ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കാനാകൂ. കെ.കെ ഉണ്ണികൃഷ്ണൻ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായി മത്സരിച്ചാണ് പഞ്ചായത്ത് അംഗമായത്. തുടർന്ന് ഇദേഹത്തെ കോൺഗ്രസിൽ നിന്നും പുറത്താക്കി. കോൺഗ്രസിനോ, സി.പി.എമ്മിനോ തനിച്ചു ഭൂരിപക്ഷമില്ലാത്തതിനാൽ ഉണ്ണികൃഷ്ണന്റെ പിന്തുണയോടെ സി.പി.എമ്മുകാരൻ പ്രസിഡന്റായി.പിന്നീട് ഉണ്ണികൃഷ്ണൻ ഉൾപ്പെടെ രണ്ട് വിമതരെ കോൺഗ്രസിൽ തിരിച്ചെടുത്ത് അവിശ്വാസപ്രമേയത്തിലൂടെ സി.പി.എമ്മിനെ പുറത്താക്കി ഉണ്ണികൃഷ്ണൻ പ്രസിഡന്റായി. എന്നാൽ ധാരണ പ്രകാരം നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പ്രസിഡന്റ് പദവി ഒഴിയാൻ തയ്യാറാകാതെ ഇരുന്നതിനാൽ കോൺഗ്രസിൽ നിന്നും വീണ്ടും പുറത്താക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് പ്രസിഡന്റിനെ ഉദ്ഘാടന ചടങ്ങിൽ സ്ഥാനം നൽകുന്നതിനെ ചൊല്ലി ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും തമ്മിലും കോൺഗ്രസ് അംഗങ്ങൾ തമ്മിലും തർക്കം ഉണ്ടായതും ഉദ്ഘാടനം നടക്കാതായതും.

പ്രോഗ്രാം ഇപ്പോഴും രഹസ്യം

കോൺഗ്രസിലെ തർക്കം മൂലം ഉദ്ഘാടനം മുടങ്ങിയത് മാധ്യമങ്ങളിൽ വാർത്തയായപ്പോഴാണ് ഉദ്ഘാടനച്ചടങ്ങ് വീണ്ടും നിശ്ചയിച്ചത്. എന്നാൽ ഉദ്ഘാടകൻ, അദ്ധ്യക്ഷൻ, മുഖ്യാതിഥി എന്നി സ്ഥാനങ്ങളിൽ എം.പി , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എം.എൽ.എ എന്നിവരെ നിശ്ചയിച്ചത് മാത്രമേ ഇപ്പോഴും പുറത്തുവിടുന്നുള്ളു.