phto
അയ്യമ്പള്ളി ഗവ.ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം എസ്.ശർമ്മ എം.എൽ.എ നിർവഹിക്കുന്നു

വൈപ്പിൻ: അയ്യമ്പിള്ളി ഗവ.ആശുപത്രിക്കായി കേരള തീരദേശവികസന കോർപറേഷൻ 1.91 കോടി രൂപ ചെലവാക്കി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വൈപ്പിൻ ബ്ലോക്കിന്റെ കീഴിലുള്ള അയ്യമ്പിള്ളി പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതിന് നബാർഡ് സഹായത്താലാണ് പദ്ധതി നടപ്പാക്കിയതെന്ന് ചടങ്ങിൽ എസ്.ശർമ്മ എം.എൽ.എ വ്യക്തമാക്കി. മുനമ്പം, നായരമ്പലം, മുളവുകാട്, പിഴല എന്നിവയെ ഇതിനകം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി ഉയർത്തിയിട്ടുണ്ട്. അയ്യമ്പിള്ളിയിൽ തുറന്ന പുതിയ ഇരുനില കെട്ടിടത്തിൽ ഡോക്ടേഴ്‌സ് റൂം , ഡ്രസിംഗ് റൂം, സ്റ്റോർ റൂം, ഒ പി കം ഇൻജക്ഷൻ റൂം, വിശ്രമമുറി, ശുചിമുറികൾ, കോൺഫറൻസ് ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമായ ഫർണിച്ചറിന് 13.05 ലക്ഷം രൂപയും കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ ജോഷി , വൈസ് പ്രസിഡന്റ് തുളസി സോമൻ, അംഗങ്ങളായ പി.വി ലൂയിസ്, എ.എൻ ഉണ്ണികൃഷ്ണൻ, തങ്കമണി ശശി , കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് രജിത സജീവ്, ഡോ.സുസ്മിത ബായ്, എം എ സോജി , എ എ അനിൽ എന്നിവർ പങ്കെടുത്തു.