കൊച്ചി: മേയറും സെക്രട്ടറിയും കൗൺസിലർമാരും ഉദ്യോഗസ്ഥരും സ്വയം ക്വാറന്റെയിനിൽ കഴിയുന്നതിനിടെ 26ന് കൗൺസിൽ യോഗം നടത്താനുള്ള തീരുമാനത്തിൽ ആശങ്ക. പശ്ചിമകൊച്ചിയിലെ ഒരു കൗൺസിലർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മുതലാണ് എല്ലാവരും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് മേയർ നിർദേശം നൽകിയത്. കഴിഞ്ഞ 17 ന് നഗരസഭ ഓഫീസിലെത്തിയ കൗൺസിലർ മേയറുടെയും വിവിധ ഉദ്യോഗസ്ഥരുടെയും ഓഫീസുകൾ സന്ദർശിച്ചത് കണക്കിലെടുത്തായിരുന്നു മുൻകരുതൽ. സാധാരണഗതിയിൽ ഏഴുദിവസം കഴിഞ്ഞാണ് രോഗപരിശോധന നടത്തുന്നത്. ക്വാറന്റെയിൻ കാലാവധി കഴിയുംമുമ്പ് കൗൺസിൽ യോഗം ചേരുന്നത് രോഗവ്യാപനത്തിന് വഴിയൊരുക്കുമെന്ന് പൊതുവേ ഭീതിയുണ്ട്. കൗൺസിൽ ഹാളിൽ സാമൂഹികാകലം സാദ്ധ്യമല്ലെന്നും കൗൺസിലർമാർ പറയുന്നു.

# യോഗം ഓൺലൈനാക്കാമെന്ന്

മേയർ

ഇന്ന്നടത്താനിരുന്ന യോഗമാണ് 26 ലേക്ക് മാറ്റിവച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൗൺസിൽ യോഗം ഓൺലൈനിലേക്ക് മാറ്റാമെന്ന് കഴിഞ്ഞ ബുധനാഴ്ച നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ മേയർ അഭിപ്രായപ്പെട്ടുവെങ്കിലും പ്രതിപക്ഷം വിയോജിച്ചു. അതാത് സോണൽ ഓഫീസുകളിൽ കൗൺസിലർമാർക്ക് വേണ്ട സൗകര്യം ഒരുക്കാമെന്ന നിർദേശവും അവർ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് 26 ന് ഉച്ചയ്ക്ക് കൗൺസിൽ ഹാളിൽ തന്നെ യോഗം നടത്തുന്നതെന്ന് മേയർ പറഞ്ഞു.

അതേസമയം ഓൺലൈനായി കൗൺസിൽ യോഗങ്ങൾ ചേരാമെന്ന സർക്കാരിന്റെ ഉത്തരവ് നിലനിൽക്കെ 34 ഡിവിഷനുകൾ കണ്ടെയിൻമെന്റ് സോണുകളാണെന്ന കാര്യം പരിഗണിക്കാതെ യോഗം ചേർന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഏഴിന് നടന്ന കൗൺസിൽ യോഗം പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.